ഇംഫാല്‍: ഡല്‍ഹിയിലെ കടുത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്നു രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ മണിപ്പൂരില്‍ നിന്ന് 12 മണിക്കാരംഭിക്കേണ്ട ഭാരത് ജോഡോ ന്യായ് യാത്ര വൈകുന്നു. മണിപ്പൂരില്‍ നിന്നു 12 മണിക്കു ജോഡോ ന്യായ് യാത്ര ആരംഭിക്കാനായിരുന്നു പരിപാടി. ഇതില്‍ എത്തിച്ചേരേണ്ട കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്ക് ഇന്‍ഡിഗോ പ്രത്യേക വിമാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേതാക്കന്മാര്‍ വിമാനത്തില്‍ എത്തിയെങ്കിലും മൂടല്‍ മഞ്ഞിനെ തുടര്‍ന്നു വിമാനം യാത്ര പുറപ്പെടാനിരിക്കുന്നതേയുള്ളൂ. രാഹുലും വിമാനത്തിലാണ്.
കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന ഖാര്‍ഖെ ഫ്‌ളാഗ് ഓഫ് ചെയ്യുന്ന യാത്ര പ്രത്യേക ബസില്‍ ഇന്നു മണിപ്പൂരില്‍ പര്യടനം പൂര്‍ത്തിയാക്കും. 66 ദിവസം കൊണ്ടു 15 സംസ്ഥാനങ്ങളില്‍ 6713 കിലോമീറ്റര്‍ യാത്ര ചെയ്ത് മാര്‍ച്ച് 20ന് മുംബൈയില്‍ സമാപിക്കാനാണ് പരിപാടി. 15 സംസ്ഥാനങ്ങളിലെ 100 ലോക്‌സഭ മണ്ഡലങ്ങിലൂടെ പോകുന്ന യാത്ര 110 ജില്ലകളും 337 അസംബ്ലി മണ്ഡലങ്ങളും പിന്നിടും. മണിപ്പൂരില്‍ 1 ദിവസവും നാഗാലാന്റില്‍ എട്ടു ദിവസവും അരുണാചല്‍, മേഘാലയ സംസ്ഥാനങ്ങളില്‍ ഓരോ ദിവസവും യാത്ര പര്യടനം നടത്തും. പശ്ചിമ ബംഗാളില്‍ അഞ്ചു ദിവസം പര്യടനമുണ്ടാവും. ബിഹാറില്‍ 4 ദിവസവും ഝാര്‍ഖണ്ഡില്‍ എട്ടു ദിവസവും ഒഡീഷയില്‍ നാലു ദിവസവും പര്യടനം നടത്തും. യു പിയിലെ 20 ജില്ലകളില്‍ പര്യടനമുണ്ടാവും. മധ്യപ്രദേശില്‍ 689 കിലോ മീറ്റര്‍ പര്യടനം നടത്തും. രാജസ്ഥാനില്‍ ഒരു ദിവസമാണു പരിപാടി ഗുജറാത്തിലും മഹാരാഷ്ട്രയിലും 5 ദിവസം വീതം യാത്ര പര്യടനം നടത്തും.