ഇംഫാൽ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ 66 ദിവസം നീണ്ടു നിൽക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ആവേശകരമായ തുടക്കം. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പാർട്ടി പതാക രാഹുൽ ഗാന്ധിക്കു കൈമാറി യാത്ര ഉദ്ഘാടനം ചെയ്തു. മണിപ്പുരിനു നഷ്ടപ്പെട്ടതൊക്കെ തിരിച്ചുകൊണ്ടു വരുമെന്നു യാത്രക്കു തുടക്കം കുറിച്ചു കൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു. തൗബൽ ഗ്രൗണ്ടിൽ തടിച്ചു കൂടിയ പതിനായിരങ്ങൾ ഹർഷാരവം മുഴക്കി രാഹുലിനെ അഭിവാദ്യം ചെയ്തു. ന്യായ യാത്ര ഭരണഘടനയെ രക്ഷിക്കാനാണെന്നു ഖാർഗെ പറഞ്ഞു. ഭാരതത്തിന്റെ മൗലിക മൂല്യങ്ങൾ സംരക്ഷിക്കാനാണത്. 66 ദിവസം നീണ്ടുനിൽക്കുന്ന യാത്ര 15 സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ പര്യടനം നടത്തി മാർച്ച് 20 ന് മുംബെയിൽ സമാപിക്കും.