ഹൈദരാബാദ്: അയോധ്യയില്‍ ശ്രീരാമക്ഷേത്ര പ്രതിഷ്ഠാ കര്‍മ്മം നടക്കാനിരിക്കെ രാഷ്ട്രീയ പാര്‍ട്ടികള്‍ ബാബ് രി മസ്ജിദ് തകര്‍ച്ച വിസ്മരിക്കുകയാണെന്നു എ ഐ എം ഐ എം നേതാവ് അസാറുദ്ദീന്‍ ഒവൈസി ആരോപിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ മറവിയെ എക്‌സില്‍ നല്‍കിയ പോസ്റ്റില്‍ അദ്ദേഹം അപലപിച്ചു. അതു നാണക്കേടാണെന്നു അദ്ദേഹം പറഞ്ഞു. ഇന്ത്യ മുന്നണി സഖ്യകക്ഷികള്‍ക്കും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനുമുള്ള പ്രഹരമാണ് പ്രസ്താവനയെങ്കിലും താക്കറയെ മാത്രമേ ഇക്കാര്യത്തില്‍ പേരെടുത്ത് ഒവൈസി പരാമര്‍ശിച്ചിട്ടുള്ളൂ. അയോധ്യയില്‍ ശ്രീരാമക്ഷേത്രം ഉദ്ഘാടനം തന്റെ പിതാവിന്റെ സ്വപ്‌നമായിരുന്നെന്നും അതു ദേശീയ അഭിമാന മുഹൂര്‍ത്തമാണെന്നും താക്കറെ പ്രസ്താവിച്ചിരുന്നതായി ഒവൈസി ചൂണ്ടിക്കാട്ടി. ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഡിസംബറിനെക്കുറിച്ചു പറയുന്നില്ല. എല്ലാവരും ചര്‍ച്ച ചെയ്യുന്നത് ശ്രീരാമ ക്ഷേത്രം പ്രതിഷ്ഠാ കര്‍മ്മത്തില്‍ പങ്കെടുക്കുമോ ഇല്ലയോ എന്നാണ്. സുപ്രീംകോടതി വിധിയാണ് രാമക്ഷേത്ര നിര്‍മ്മാണത്തിനു വഴി തുറന്നത്. സുപ്രീംകോടതി പരമോന്നമാണ്. എന്നാല്‍ അപ്രമാദിത്തമല്ല- ഒവൈസി പറഞ്ഞു. പ്രതിഷ്ഠാ കര്‍മ്മത്തില്‍ നിന്നു ഒഴിഞ്ഞു മാറാനുള്ള കോണ്‍ഗ്രസിന്റെ തട്ടാമുട്ടു ന്യായത്തെക്കുറിച്ചാണ് ബി ജെ പി പറഞ്ഞു കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ് ഞാണിന്മേല്‍ക്കളി തുടരുന്നു. എന്നാല്‍ അയോധ്യയില്‍ താന്‍ കുടുംബസമേതം എത്തുമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. പ്രതിഷ്ഠാ കര്‍മ്മത്തിനു ശേഷമായിരിക്കും അതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ഷേത്ര പ്രതിഷ്ഠാ കര്‍മ്മത്തെ രാഷ്ട്രീയ നേട്ടത്തിനുപയോഗിക്കുന്ന ബി ജെ പി നീക്കത്തില്‍ പ്രതിഷേധിച്ചു തങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്നു കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജ്ജുന ഖാര്‍ഗെ, സോണിയാ ഗാന്ധി, ആധാര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. ഇതേ നിലപാടു മമതാ ബാനര്‍ജിയും പ്രകടിപ്പിച്ചു.