ദൂരദര്‍ശനിലെ ലൈവ് പരിപാടിക്കിടെ കാര്‍ഷിക സര്‍വകലാശാല ഡയറക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം:ദൂരദര്‍ശൻ കേന്ദ്രത്തില്‍ കൃഷിദര്‍ശൻ ലൈവ് പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ കാര്‍ഷിക സര്‍വകലാശാല ആസൂത്രണ വിഭാഗം ഡയറക്ടര്‍ കുഴഞ്ഞുവീണു മരിച്ചു. ഡോ. അനി എസ് ദാസാണ്(59) കുഴഞ്ഞുവീണു മരിച്ചത്. മരണകാരണം ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. കുടപ്പനക്കുന്ന് ദൂരദര്‍ശൻ കേന്ദ്രത്തില്‍ ഇന്നലെ വൈകുന്നേരം 6:10 നായിരുന്നു സംഭവം. പരിപാടി ആരംഭിച്ച്‌ 10 മിനിട്ട് കഴിഞ്ഞശേഷം അവതാകരൻ ഷാഹുല്‍ ഹമീദിന്റെ ആദ്യ ചോദ്യത്തിനുള്ള മറുപടി പറയുന്നതിനിടെ സ്റ്റുഡിയോയിലെ കസേരയില്‍ നിന്നും ഡോ. അനി എസ് ദാസ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ മെഡിക്കല്‍ കോളേജ് ആശുപത്രില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അദ്ദേഹം കേരള കാര്‍ഷിക സര്‍വകലാശാല കമ്മ്യൂണിക്കേഷൻ മേധാവിയായി സേവനം അനുഷ്ഠിക്കുകയായിരുന്നു. കേരള ഫീഡ്സ്, ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോര്‍ഡ്, പൗള്‍ട്രി ഡെവലെപ്പ്മെന്റ് കോര്‍പ്പറേഷൻ, കേരള മീറ്റ് പ്രൊഡക്ഷൻ ഓഫ് ഇന്ത്യ എന്നിവിടങ്ങളില്‍ മാനേജിംഗ് ഡയറക്ടറായി ജോലി നോക്കിയിരുന്നു.ഡോ. അനി എസ് ദാസ് കൊല്ലം കടയ്ക്കല്‍ തെക്കേമഠം കുടുംബാംഗമാണ്. നിലവില്‍  എറണാകുളം തൃപ്പൂണിത്തുറയിലാണ് താമസിച്ചിരുന്നത്. കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഫാര്‍മസി മെഡിസിൻ വിഭാഗം പ്രൊഫസര്‍ ഡോ. വിജിയാണ് ഭാര്യ. ഒരു മകളുണ്ട്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം ഉച്ച കഴിഞ്ഞ് കടയ്ക്കലിലെ വീട്ടുവളപ്പില്‍ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page