മോഷണ കേസില്‍ ജയിലില്‍ നിന്ന് ഇറങ്ങി വീണ്ടും മോഷണം; കുട്ടമത്തെ പ്രവാസിയുടെ പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച നടത്തിയ അന്തര്‍ സംസ്ഥാന മോഷ്ടാവ് പിടിയില്‍

കാസര്‍കോട്: കുട്ടമത്തെ പ്രവാസിയുടെ പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച നടത്തിയ സംഘത്തിലെ പ്രധാനിയായ അന്തര്‍ സംസ്ഥാന മോഷ്ടാവ് അറസ്റ്റില്‍. തൃശൂര്‍ ആമ്പല്ലൂര്‍ സ്വദേശി കൊയിലിപറമ്പില്‍ ഹൌസിലെ പിആര്‍ ഷിബു(52)വിനെയാണ് കാഞ്ഞങ്ങാട് ഡിവൈഎസ്പി പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കര്‍ണാടകയില്‍ മോഷണ കേസില്‍ പിടിയിലായി ജയിലില്‍ കഴിയുകയായിരുന്ന ഷിബു കഴിഞ്ഞ നവംബര്‍ 16 നാണ് ജയില്‍ മോചിതനായത്. തുടര്‍ന്നു വിവിധ ജില്ലകളില്‍ മോഷണ നടത്തിവരുന്നതിനിടയില്‍ ജനുവരി ആറിന് കുട്ടമത്തെ പ്രവാസിയുടെ വീട്ടിലും കവര്‍ച്ച നടത്തിയിരുന്നു. 50000ത്തില്‍ പരം രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ച് കൂട്ടുപ്രതിയായ ഷിബിലിനൊപ്പം തിരിച്ചുപോകവേയാണ് നാട്ടുകാര്‍ ഇവരെ തടഞ്ഞുവച്ചത്. എന്നാല്‍ അതിനിടെ തഞ്ചത്തില്‍ ഷിബു രക്ഷപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് ഷിബുവിനെ പിടികൂടാന്‍ ജില്ലാ പൊലീസ് മേധാവി പി. ബിജോയ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. കാഞ്ഞങ്ങാട് ഡിവൈഎസ്പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ എസ്‌ഐ പ്രദീപന്‍, അബുബക്കര്‍ കല്ലായി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജിനേഷ്, ഷജീഷ്, ശിവകുമാര്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് വെള്ളിയാഴ്ച വൈകീട്ട് പ്രതിയെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതോടെ ജയിലില്‍ നിന്നും ഇറങ്ങിയതിനു ശേഷം പഴയങ്ങാടി, തലശ്ശേരി, മാഹി എന്നീ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ മോഷണം നടത്തിയത് ഷിബുന്റെ നേതൃത്വത്തിലാണെന്ന് വ്യക്തമായി. ഷിബുവിന് കര്‍ണാടകയിലെ സുള്ള്യ, ഉഡുപ്പി പൊലീസ് സ്റ്റേഷനുകളിലും, കേരളത്തില്‍ ഹോസ്ദുര്‍ഗ്, ബേക്കല്‍, ചന്തേര, കണ്ണൂര്‍ ടൌണ്‍, വളപട്ടണം, തളിപ്പറമ്പ്, മട്ടന്നൂര്‍, ധര്‍മടം, കോഴിക്കോട് ടൗണ്‍, ബാലുശ്ശേരി പേരാമ്പ്ര, തൊട്ടില്‍പ്പാലം, കുറ്റ്യാടി, പനമരം, പാലക്കാട് ടൗണ്‍, നോര്‍ത്ത് എന്നീ പോലീസ് സ്റ്റേഷനുകളിലും മോഷണ കേസുകള്‍ നിലവിലുണ്ട്. പ്രതിയെ ശനിയാഴ്ച ഉച്ചയോടെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
‘500 രൂപ തന്നില്ലെങ്കില്‍ ഫോണ്‍ എറിഞ്ഞ് പൊട്ടിക്കും’; മൊബൈല്‍ഫോണ്‍ തട്ടിയെടുത്ത രണ്ടംഗ സംഘം ഗൃഹനാഥന്റെ പണവും കവര്‍ന്ന് രക്ഷപ്പെട്ടു, സംഭവം പട്ടാപ്പകല്‍ കാസര്‍കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍

You cannot copy content of this page