കാസര്‍കോട്: അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനുളള യൂസര്‍ ഫീ നല്‍കാത്തതിനെ തുടര്‍ന്ന് 10,000 രൂപ പിഴയടക്കാന്‍ നോട്ടീസ് നല്‍കിയതിനെ ചൊല്ലിയുള്ള തര്‍ക്കം ബദിയഡുക്കയില്‍ കയ്യാങ്കളിയിലും രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിലും കലാശിച്ചു. ബുധനാഴ്ച രാവിലെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ യൂസര്‍ ഫീ വാങ്ങുന്നതിനെതിരെ വ്യാപാരികള്‍ നേരത്തെ ആക്ഷേപം ഉന്നയിച്ചിരുന്നു. ഇതിനിടയിലാണ് നീര്‍ച്ചാലിലെ വ്യാപാരികളായ ആലംപാടിയിലെ അബ്ദുല്‍ റഹ്‌മാന്‍(65) മകന്‍ ഉസ്മാന്‍ (24) എന്നിവര്‍ പഞ്ചായത്ത് ഓഫീസിലെത്തിയത്. മാലിന്യങ്ങള്‍ നീക്കാതിരുന്നിട്ടും ഒക്‌ടോബര്‍ മാസം വരെ യൂസര്‍ ഫീ നല്‍കിയിരുന്നുവെന്നുമാണ് വ്യാപാരികള്‍ പഞ്ചായത്ത് സെക്രട്ടറിയോട് പറഞ്ഞത്. ഇതേ ചൊല്ലിയുണ്ടായ വാക്കു തര്‍ക്കത്തിനിടയില്‍ തങ്ങളെ ആക്രമിച്ചുവെന്നാണ് വ്യാപാരികളുടെ പരാതി. ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ ബദിയഡുക്ക പൊലീസ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പഞ്ചായത്ത് സെക്രട്ടറി സി.രാജേന്ദ്രന്റെ പരാതിയില്‍ വ്യാപാരികളായ അബ്ദുല്‍ റഹ്‌മാന്‍, ഉസ്മാന്‍ എന്നിവര്‍ക്കെതിരെ ബദിയഡുക്ക പൊലീസ് കേസെടുത്തു.
അബ്ദുല്‍ റഹ്‌മാന്റെ പരാതിയില്‍ പഞ്ചായത്ത് സെക്രട്ടറി, കണ്ടാല്‍ അറിയാവുന്ന മറ്റു രണ്ടുപേര്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തു. പഞ്ചായത്ത് ഓഫീസിനകത്തു വച്ച് അടിക്കുകയും കഴുത്തിനു പിടിച്ചു തള്ളുകയും ചീത്ത വിളിച്ചുവെന്നും പരാതിയില്‍ പറഞ്ഞു. അതേസമയം സെക്രട്ടറിയുടെ കൃത്യനിര്‍വ്വഹണത്തെ തടസ്സപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ ഇന്നുച്ചവരെ പ്രതിഷേധ ധര്‍ണ്ണ നടത്തി.
