എല്ലാ വര്‍ഷവും തന്റെ ജന്മദിനത്തില്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര നടയില്‍ എത്താറുള്ള ഗാനഗന്ധര്‍വന്‍ കെജെ യേശുദാസും ഇക്കുറിയും എത്തില്ല. 48 വര്‍ഷങ്ങള്‍ക്കിടെ ആദ്യമായി യേശുദാസിനും കുടുംബത്തിനും കൊവിഡ് കാരണം 2021 ല്‍ കൊല്ലൂരിലെത്താന്‍ കഴിഞ്ഞില്ല. അതിന് ശേഷം അമേരിക്കയിലായിരുന്ന ഗാനഗന്ധര്‍വ്വന്‍ കഴിഞ്ഞ നാലുവര്‍ഷമായി അത് മുടങ്ങിയിരിക്കുകയാണ്. കൊല്ലൂരില്‍ എല്ലാവര്‍ഷവും ജനുവരി പത്തിന് രാവിലെ ചണ്ഡികാഹോമത്തിലും ചണ്ഡികാഹോമത്തിനു ശേഷം ഗാനാര്‍ച്ചനയിലും യേശുദാസ് പങ്കെടുത്തിരുന്നു. 2021 ല്‍ അമേരിക്കയില്‍ ഡാലസിലെ വീട്ടിലിരുന്ന് ഓണ്‍ലൈനായി യേശുദാസ് സംഗീതാര്‍ച്ചന നടത്തിയിരുന്നു. അത് അന്ന് പ്രത്യേക സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. ശതാഭിഷിക്തനാകുന്ന അദ്ദേഹം ഇന്ന് അമേരിക്ക ഡാലസിലെ സ്വവസതിയില്‍ വച്ചാണ് 84ാം പിറന്നാള്‍ ആഘോഷിക്കുക. കട്ടപ്പറമ്പില്‍ ജോസഫ് യേശുദാസ് എന്ന മലയാളികളുടെ ഗാനഗന്ധര്‍വന് ആറ് പതിറ്റാണ്ടിലേറെയായി മലയാളികളുടെ ഹൃദയങ്ങളിലേക്ക് സ്വരരാഗ മഴ പെയ്യിച്ച, അപൂര്‍വസുന്ദരമായൊരു ശബ്ദത്തിനുടമയായിരുന്നു. കേരളക്കര ദാസേട്ടനെന്നും കെ ജെ യേശുദാസെന്നും മാറിമാറി വിളിച്ചു. കേരളത്തിലും ലോകത്തെമ്പാടുമുള്ള മലയാളികളുടെ നിത്യജീവിതത്തില്‍ ഈ ശബ്ദത്തിന് എന്നെന്നും നിത്യയൗവനമാണ്. 1940 ജനുവരി 10ന് ഫോര്‍ട്ട് കൊച്ചിയില്‍ അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റേയും മകനായി ജനിച്ച യേശുദാസ് അസമീസ്, കശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഇന്ത്യന്‍ ഭാഷകളിലും പാടിയിട്ടുണ്ട്. ചലച്ചിത്ര സംഗീത ലോകത്ത് മാത്രമല്ല, കര്‍ണ്ണാടക സംഗീതരംഗത്തും ഈ അതുല്യ ഗായകന്‍ തന്റെ അവിതര്‍ക്കമായ സാന്നിദ്ധ്യം അറിയിച്ചു. 1961 നവംബര്‍ 14നാണ് കാല്‍പ്പാടുകള്‍ എന്ന സിനിമയ്ക്കായാണ് 21-കാരനായിരുന്ന യേശുദാസിന്റെ സ്വരം ചെന്നൈയിലെ ഭരണി സ്റ്റുഡിയോയില്‍ ആദ്യമായി റെക്കോഡ് ചെയ്യപ്പെട്ടത്. അതിന് ശേഷം മലയാള സിനിമാലോകം യേശുദാസിന്റെ നാദവിസ്മയത്തിന് വേദിയാകുകയായിരുന്നു.