കാസര്‍കോട്: പെരിയ കുണിയയില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് ബന്ധുക്കളായ രണ്ട് പേര്‍ മരിച്ചു. കാല്‍നടക്കാരനടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റു. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ചട്ടഞ്ചാല്‍ മണ്യം സ്വദേശി താഴത്ത് വീട്ടില്‍ എം.നാരായണന്‍ നായരുടെയും രമണിയുടെയും മകന്‍ ഗോപാലകൃഷ്ണന്‍(55), സഹോദരിഭര്‍ത്താവ് പരവനടുക്കം, തലക്ലായി സ്വദേശിയും റിട്ട. സി.പി.സി.ആര്‍.ഐ ഉദ്യോഗസ്ഥനുമായ പുതുച്ചേരി നാരായണന്‍ നായര്‍(60) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ കുണിയ സ്‌കൂളിന് സമീപത്തെ ദേശീയപാതയിലാണ് അപകടം. സ്‌കൂട്ടറിലിടിച്ച കാര്‍ പിന്നീട് വഴിയാത്രക്കാരനെ ഇടിച്ച് ദേശീയപാത നിര്‍മാണ സ്ഥലത്തെ കുഴിയില്‍ വീഴുകയായിരുന്നു. ഓടിക്കൂടിയ ആളുകള്‍ നാരായണനെയും ഗോപാലകൃഷ്ണനെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കാല്‍നടയാത്രക്കാരന്‍ കുണിയയിലെ ഹംസ, കാറിലുണ്ടായിരുന്ന നാലുപേര്‍ എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണ്ണമായും തകര്‍ന്നു. ബേക്കല്‍ പൊലീസ് കേസെടുത്തു. രുഗ്മിണിയാണ് നാരായണന്റെ ഭാര്യ. മക്കള്‍: അരുണ്‍, അഖില. സഹോദരങ്ങള്‍: കുമാരന്‍, കൃഷ്ണന്‍, കാര്‍ത്യായനി, മീനാക്ഷി.
ആദ്യകാല കബഡി താരമാണ് ഗോപാലകൃഷ്ണന്‍. ലക്ഷ്മിയാണ് ഭാര്യ. മക്കള്‍: ഡോ.അമൃത, ധന്യ (എല്‍.എല്‍.ബി വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: ഹരീന്ദ്രന്‍, രുഗ്മിണി, രാധ, അംബുജാക്ഷി, തങ്കമണി. അപകടവിവരമറിഞ്ഞ് നിരവധി പേര്‍ ആശുപത്രിയിലെത്തി.
