മംഗളൂരു: അബുദാബിയില്‍ നിന്ന് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്ന് 98,68,750 രൂപ വിലമതിക്കുന്ന സ്വര്‍ണം കസ്റ്റംസ് അധികൃതര്‍ പിടികൂടി. 1579 ഗ്രാം തൂക്കമുള്ള സ്വര്‍ണമാണ് കടത്താന്‍ശ്രമിച്ചത്. തിങ്കളാഴ്ച വൈകീട്ട് അബുദാബി-മംഗളൂരു എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് യാത്രക്കാരന്‍ വിമാനത്താവളത്തില്‍ എത്തിയത്. യാത്രക്കാരന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ദേഹപരിശോധന നടത്തുകയായിരുന്നു. എക്സ്റേ പരിശോധനയില്‍ മലാശയത്തില്‍ അഞ്ച് ഓവല്‍ ആകൃതിയിലുള്ള സ്വര്‍ണം കണ്ടെത്തി. 1.579 കിലോഗ്രാം തൂക്കമുള്ള സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി കടത്തുകയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.
