4 വയസുള്ള മകന്റെ മൃതദേഹം ബാഗില്‍; ഹോട്ടൽ ജീവനക്കാരുടെ ഇടപെടൽ പ്രതിയെ കുരുക്കാൻ വഴിയൊരുക്കി ; കൊലപാതകിയായ വനിതാ സിഇഒ കുടുങ്ങി


പനാജി: നാല് വയസുള്ള സ്വന്തം മകനെ കൊലപ്പടുത്തിയ ശേഷം മൃതദേഹവുമായി യാത്ര ചെയ്യുന്നതിനിടെ യുവതി അറസ്റ്റിലായി.ബംഗളുരുവിലെ ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ സിഇഒ കൂടിയായ 39 വയസുകാരി സുചാന സേഥാണ് അറസ്റ്റിലായത്. നോര്‍ത്ത് ഗോവയിലെ ഒരു സര്‍വീസ് അപ്പാര്‍ട്ട്മെന്റില്‍ വെച്ച്‌ ഇവര്‍ മകനെ കൊന്നശേഷം മൃതദേഹം ബാഗിലാക്കി കര്‍ണാടകയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. വഴിയില്‍വെച്ചാണ് പിടിയിലായത്.

ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിന് പിന്നിലുള്ള കാരണങ്ങളെക്കുറിച്ച്‌ ഇനിയും വ്യക്തമായിട്ടില്ല. ശനിയാഴ്ചയാണ് നോര്‍ത്ത് ഗോവയിലെ ഒരു ഹോട്ടലില്‍ യുവതി മുറിയെടുത്തത്. ബംഗളുരുവിലെ വിലാസമാണ് ഹോട്ടലില്‍ നല്‍കിയത്. തിങ്കളാഴ്ച രാവിലെ ഹോട്ടലില്‍ നിന്ന് ചെക്ക് ഔട്ട് ചെയ്യാന്‍ നേരം ബംഗളുരുവിലേക്ക് ടാക്സി വേണമെന്ന് ഇവര്‍ ഹോട്ടല്‍ ജീവനക്കാരോട് ആവശ്യപ്പെട്ടു. എന്നാല്‍ വിമാനത്തില്‍ പോവുന്നതായിരിക്കും ചെലവ് കുറവും സൗകര്യവുമെന്ന് ജീവനക്കാര്‍ അറിയിച്ചിട്ടും ടാക്സി തന്നെ വേണമെന്ന് നിര്‍ബന്ധം പിടിച്ചപ്പോള്‍ ഹോട്ടല്‍ ജീവനക്കാര്‍ വാഹനം ഏര്‍പ്പാടാക്കി നല്‍കി.

യുവതി സ്ഥലം വിട്ട ശേഷം 11 മണിയോടെ മുറി വൃത്തിയാക്കുകയായിരുന്ന ഹൗസ് കീപ്പിങ് ജീവനക്കാരാണ് മുറിയില്‍ രക്തക്കറ കണ്ടത്. ഉടന്‍ ഹോട്ടല്‍ അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി സിസിടിവി പരിശോധിച്ചപ്പോള്‍ ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങുമ്പോൾ യുവതിക്കൊപ്പം മകനില്ലെന്ന് വ്യക്തമായി. ഇതോടെ പൊലീസുകാര്‍ ടാക്സി ഡ്രൈവറെ ഫോണില്‍ വിളിച്ചു. മകന്‍ എവിടെയെന്ന് യുവതിയോട് അന്വേഷിച്ചു. മകനെ ഗോവയില്‍ തന്നെയുള്ള ഒരു സുഹൃത്തിന്റെ അടുത്താക്കിയെന്ന് യുവതി അറിയിക്കുകയായിരുന്നു. സുഹൃത്തിന്റെ വിലാസം ചോദിച്ചപ്പോള്‍ അതും നല്‍കി. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ ഈ വിലാസം വ്യാജമാണെന്ന് കണ്ടെത്തി.

ഇതോടെ പൊലീസ് വീണ്ടും ഡ്രൈവറെ ബന്ധപ്പെട്ടു. യുവതിക്ക് മനസിലാവാതിരിക്കാന്‍ കൊങ്കണി ഭാഷയിലാണ് സംസാരിച്ചത്. എവിടെ എത്തിയെന്ന് ചോദിച്ചപ്പോള്‍ കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലാണെന്ന് മറുപടി. യുവതിക്ക് ഒരു സംശയവും തോന്നാതെ അവരെയും കൊണ്ട് വണ്ടി എത്രയും വേഗം അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ കയറാന്‍ ഗോവ പൊലീസ് നിര്‍ദേശം നല്‍കി. ഇതനുസരിച്ച്‌ ഡ്രൈവര്‍ ചിത്രദുര്‍ഗയിലെ ഐമംഗല പൊലീസ് സ്റ്റേഷനിലേക്ക് വണ്ടി എത്തിച്ചു. ഗോവ പൊലീസ് അറിയിച്ചതനുസരിച്ച്‌ ഐമംഗലയിലെ ഉദ്യോഗസ്ഥര്‍ വാഹനം പരിശോധിച്ചപ്പോഴാണ് ബാഗിനുള്ളില്‍ നാല് വയസുകാരന്റെ മൃതദേഹം കണ്ടെത്തിയത്.
യുവതിയെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്തു. ചിത്രദുര്‍ഗ കോടതിയില്‍ ഹാജരാക്കിയ ശേഷം ട്രാന്‍സിറ്റ് റിമാന്റ് വാങ്ങി യുവതിയെ ഗോവയിലേക്ക് കൊണ്ടുപോകും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പടന്നക്കാട് ഐങ്ങോത്ത് സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു; മകള്‍ ഗുരുതര പരിക്കുകളോടെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍, അപകടത്തില്‍ പൊലിഞ്ഞത് ബേക്കല്‍ സ്വദേശിനിയുടെ ജീവന്‍

You cannot copy content of this page