ബെലഗാവിയില്‍ ഒരുമിച്ചിരുന്നതിന്റെ പേരില്‍ ദളിത് യുവാവിനും മുസ്ലീം സ്ത്രീയ്ക്കും സദാചാര പൊലീസിന്റെ ആക്രമണം. സച്ചിന്‍ ലമാനി (18), മുസ്‌കാന്‍ പട്ടേല്‍ (22) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. മര്‍ദനമേറ്റ ഇരുവരും പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തില്‍ ബെലഗാവി പൊലീസ് കേസെടുത്തു. ആക്രമണം നടത്തിയ ഒമ്പത് പേരെ അറസ്റ്റുചെയ്തതായി പൊലീസ് അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ബെലഗാവിയിലെ കില്ല തടാകത്തിന് സമീപമാണ് സംഭവം നടന്നത്. യുവനിധി പദ്ധതിക്ക് അപേക്ഷിക്കാന്‍ എത്തിയതായിരുന്നു ഇരുവരും. ഉച്ചഭക്ഷണ സമയമായതിനാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞ് വരാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. അതിനാല്‍ കില്ല തടാകത്തിന് സമീപം ഇരിക്കാന്‍ പോയി. അപ്പോഴാണ് ഒരുസംഘം ആളുകള്‍ അടുത്തേക്ക് വന്നത്. എന്തിനാണ് ഒരു ഹിന്ദുവും മുസ്ലീമും ഒരുമിച്ച് ഇരിക്കുന്നതെന്ന് അവര്‍ ചോദിച്ചു. മുസ്ലീമല്ലെന്നും എന്റെ അമ്മായിയുടെ മകളാണെന്നും സച്ചിന്‍ അവരോട് പറഞ്ഞു. അതിനിടയില്‍ ഒരാള്‍ രണ്ട് ഫോണുകളും തട്ടിയെടുത്തു. അവരുടെ കയ്യിലുണ്ടായിരുന്ന 7,000 രൂപയും തട്ടിയെടുത്തു. അതിന് ശേഷം ഒരു വടി ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പൊലിസിനെ അറിയിച്ചത്. അക്രമികള്‍ സച്ചിന്റെ കഴുത്ത് ഞെരിച്ചതായി സച്ചിന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സച്ചിനെയും മുസ്‌കാനെയും ഒരു മുറിയിലേക്ക് കൊണ്ടുപോവുകയും അവിടെ ശനിയാഴ്ച വൈകുന്നേരം വരെ സച്ചിനെ ക്രൂരമായി മര്‍ദ്ദിച്ചെന്നും പരാതിയില്‍ പറയുന്നു. അതിനിടെ യുവാവ് രക്ഷിതാക്കളെ ഫോണില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി ഇവരെ രക്ഷിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
