തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയുടെ എറണാകുളം ഓഫീസില്‍ ജോലി ചെയ്തിരുന്ന സി ഐ ടി യു നേതാവ് മൂവാറ്റുപുഴ സ്റ്റേറ്റ് ബസ്സ്റ്റാന്റിലെ ഒരു സ്റ്റാളില്‍ രസീത് എഴുതിക്കൊടുത്തു മൂന്നു മാസത്തെ വാടക കൈപ്പറ്റിയെന്ന് വിജിലന്‍സ് കണ്ടെത്തി.
വിജിലന്‍സിന്റെ കണ്ടെത്തലിനെത്തുടര്‍ന്നു ആരോപണ വിധേയനായ സി ഐ ടി യു സംസ്ഥാന നേതാവ് ടി എസ് സജിത്തിനെ കെ എസ് ആര്‍ ടി സി സസ്‌പെന്റ് ചെയ്തു. 2022ല്‍ സജിത് കെ എസ് ആര്‍ ടി സി എറണാകുളം യൂണിറ്റിലായിരുന്നു ജോലി ചെയ്തിരുന്നത്. അക്കാലത്താണ് കെ എസ് ആര്‍ ടി സി മൂവാറ്റുപുഴ ഡിപ്പോയിലെ ഒരു സ്റ്റാളിലെത്തി അതിന്റെ മൂന്നു മാസത്തെ വാടക കൈപ്പറ്റിയതെന്നായിരുന്നു പരാതി. വാടക വാങ്ങിയതിനു നികുതി രസീതും കൊടുത്തു. പരാതിയെക്കുറിച്ചു വിജിലന്‍സ് അന്വേഷണം നടത്തുകയും പരാതി ശരിയാണെന്നു കണ്ടെത്തുകയും ചെയ്തതിനെത്തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. ഒരു യൂണിറ്റില്‍ ജോലി ചെയ്യുന്ന ആള്‍ മറ്റൊരു യൂണിറ്റില്‍ നിന്നു രസീത് എഴുതിക്കൊടുത്തു പണം വാങ്ങാന്‍ പാടില്ലാത്തതാണ്.
