കണ്ണൂര്‍: റോയല്‍ ട്രാവന്‍കൂര്‍ വഴി കോടികള്‍ തട്ടിയ കേസില്‍ രാഹുല്‍ ചക്രപാണിക്കെതിരെ പരാതിക്കാരായി കൂടുതലും ഓട്ടോറിക്ഷക്കാരും സാധാരണക്കാരും, കര്‍ഷകരും. മക്കളുടെ വിവാഹം, വീടു നിര്‍മ്മാണം, വാഹനം വാങ്ങല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി നിക്ഷേപിച്ച പണം നഷ്ടമാകുമോയെന്ന ഭീതിയിലാണ് പലരും. നിക്ഷേപ തട്ടിപ്പ് നടത്തിയ റോയല്‍ ട്രാവന്‍കൂര്‍ കമ്പനി ചെയര്‍മാനും എംഡിയുമായ രാഹുല്‍ ചക്രപാണിയെ ടൗണ്‍ പൊലീസ് അറസ്റ്റുചെയ്തതോടെ അര്‍ബന്‍ നിധിനിക്ഷേപ തട്ടിപ്പു പോലെ മറ്റൊരു സാമ്പത്തിക കൊള്ളയടിക്കും കണ്ണൂര്‍ കേന്ദ്രമായി മാറുകയാണോയെന്ന ചോദ്യം വിവിധ കോണുകളില്‍ നിന്നുയര്‍ന്നിട്ടുണ്ട്. റോയല്‍ ട്രാവന്‍കൂര്‍ ഫെഡറേഷന്റെ കണ്ണൂര്‍ നഗരത്തിലെ ചെട്ടിപീടികയിലുള്ള ഓഫീസില്‍ വെച്ച് വെളളിയാഴ്ച്ച വൈകീട്ടോടെയായിരുന്നു കണ്ണൂര്‍ ടൗണ്‍ പൊലീസ് രാഹുല്‍ ചക്രപാണിയെ കസ്റ്റഡിയിലെടുത്തത്. രാഹുല്‍ ചക്രപാണി കണ്ണൂരിലെ ഓഫീസിലുണ്ടെന്ന വിവരം അറിഞ്ഞ് എത്തിയ നിക്ഷേപകര്‍ ഓഫീസ് വളഞ്ഞു. തങ്ങളുടെ നിക്ഷേപം തിരിച്ചു നല്‍കണമെന്നും ആവശ്യപ്പെട്ടു. വിവരം അറിഞ്ഞെത്തിയ ടൗണ്‍ പൊലീസ് നിക്ഷേപകരുമായും രാഹുല്‍ ചക്രപാണിയുമായും സംസാരിച്ചെങ്കിലും നിക്ഷേപകരുടെ ആശങ്കക്ക് പരിഹാരം കാണാനായില്ല. തുടര്‍ന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സാധാരണക്കാരില്‍ നിന്ന് ദിവസ നിക്ഷേപമായും മറ്റുള്ളവരില്‍ നിന്ന് ഇയാള്‍ കോടികളുടെ നിക്ഷേപമാണ് സ്വീകരിച്ചത്. നിക്ഷേപകര്‍ പണം തിരിച്ചെടുക്കാന്‍ എത്തുമ്പോള്‍ പല തവണ അവധി പറഞ്ഞ് സ്ഥാപനത്തിലെ ജീവനക്കാര്‍ ഒഴിവാക്കുകയായിരുന്നു. കഴിഞ്ഞ ഏതാനുമാസമായി ഈ സ്ഥാപനത്തില്‍ നിരന്തരം നിക്ഷേപകര്‍ എത്തുകയും ചക്രപാണിയെ തേടിയെങ്കിലും കാണാന്‍ കഴിഞ്ഞില്ല. ഇതിനിടയിലാണ് വെള്ളിയാഴ്ച ഉച്ചയ്ക് കണ്ണൂരിലെ ഹെഡാഫീസില്‍ ചക്രപാണി എത്തിയിട്ടുണ്ടെന്ന വിവരം അറിഞ്ഞ നിക്ഷേപകര്‍ ഹെഡാഫീസ് വളഞ്ഞത്. നിക്ഷേപകര്‍ക്ക് നല്‍കാനുള്ള മുഴുവന്‍ തുകയും തിരിച്ച് നല്‍കുമെന്നും എട്ട് കോടിയോളം രൂപ പിരിച്ചെടുക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ടെന്നും രാഹുല്‍ ചക്രപാണി പൊലീസിനോട് പറഞ്ഞിരുന്നു. അവ ലഭിക്കുന്ന മുറക്ക് പണം നല്‍കാന്‍ സാധിക്കുമെന്നും ഇന്നലെ 50,000 രൂപയിലധികം ഇടപാടുകാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നുമാണ് രാഹുല്‍ ചക്രപാണി പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലിസ് അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു. വരും ദിവസങ്ങളില്‍ രാഹുല്‍ ചക്രപാണിയെ ചോദ്യം ചെയ്താല്‍ മാത്രമേ കോടികളുടെ നിക്ഷേപതട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തുവരികയുള്ളുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
