കേരളത്തിലെ ദേശീയപാത പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്; പള്ളിക്കര റെയിൽവേ മേൽപ്പാലത്തിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി നിർവഹിക്കും

കാസർകോട്: ഉപരിതല ഗതാഗത രംഗത്ത് കേരളത്തിന്‍റെ മുഖച്ഛായ മാറ്റുന്ന വികസന പദ്ധതികൾ കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി ഇന്ന് നാടിന് സമർപ്പിക്കും. ഭാരത് പരിയോജന പദ്ധതിയിൽ ഉൾപ്പെടുത്തി കേരളത്തിൽ നിർമാണം ആരംഭിക്കുന്നതും പൂർത്തീകരിക്കുന്നതുമായ ദേശീയപാതാ പദ്ധതികളുടെ ഉദ്ഘാടനം കാസർകോടാണ് നടക്കുക. നീലേശ്വരം പള്ളിക്കര റെയിൽവേ മേൽപ്പാലമാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നതിൽ പ്രധാനപ്പെട്ടത്.
കേന്ദ്രമന്ത്രിമാരായ ഡോ.വി.കെ.സിംഗ്, വി. മുരളീധരന്‍ എന്നിവര്‍ക്കൊപ്പം കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസും പങ്കെടുക്കും. പള്ളിക്കര പാലം നിർമാണം പൂർത്തിയായി ഗതാഗതത്തിന് തുറന്നുകൊടുത്തിട്ട് മാസങ്ങളായി. ഇതിനുശേഷമാണ് ഔദ്യോഗിക ഉദ്ഘാടനം നടക്കുന്നത്. പള്ളിക്കരയിൽ മേൽപ്പാലം തുറന്നതോടെ ദേശീയപാത 66ൽ കന്യാകുമാരിക്കും മുംബൈയ്ക്കുമിടയിലെ അവസാന റെയിൽവേ ഗേറ്റാണ് ഓർമയാകുന്നത്.
സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായ ചെറുതോണി പാലത്തിന്‍റെയും മൂന്നാര്‍ ബോഡിമേട്ട് റോഡിന്‍റെയും ഉദ്ഘാടനവും ഇന്ന് നടക്കും. അരികൊമ്പന്‍റെ കുമളിയിലേക്കുള്ള യാത്രയാണ് മുന്നാര്‍- ബോഡിമേട്ട് റോഡിനെ പ്രശസ്തമായതെങ്കില്‍ പ്രളയകാലത്തെ ദൃശ്യങ്ങളിലൂടെയാണ് ചെറുതോണിയുടെ ദുരിതം പുറം ലോകമറിഞ്ഞത്. ഇന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണ് രണ്ടും ഉദ്ഘാടനം ചെയ്യുന്നത്. 40 മീറ്റർ ഉയരത്തിൽ മൂന്നു സ്പാനുകളിലായി നിർമിച്ച ചെറുതോണി പാലത്തിന് 120 മീറ്റർ നീളമുണ്ട്. ഇരുവശങ്ങളിലും നടപ്പാതയുൾപ്പെടെ 18 മീറ്റർ വീതി. ആധുനിക രീതിയിലുള്ള കൈവരിയും ക്രാഷ് ബാരിയറും ഭിന്നശേഷിക്കാർക്ക് സഞ്ചരിക്കുന്നതിനുള്ള ഭാഗവുമൊക്കെയുള്ള പുതിയ പാലത്തിന്‍റെ നിര്‍മ്മാണ ചിലവ് 20 കോടിയാണ്.
മുന്നാര്‍- ബോഡിമേട്ട് റോഡിന്‍റെ നിര്‍മ്മാണ അവകാശത്തെ ചോല്ലിയും നേരത്തെ നിരവധി തര്‍ക്കങ്ങള്‍ സമുഹമാധ്യമങ്ങളിലുണ്ടായതാണ്. കൊച്ചി -ധനുഷ്കോടി ദേശീയ പാതയുടെ ഭാഗമായ മുന്നാര്‍ മുതല്‍ ബോഡിമേട്ടുവരെ 42 കിലോമീറ്ററിന് ചിലവ് 382 കോടി രുപയാണ് ചെലവായത്. ചെറുതോണി പാലവും മുന്നാര്‍ ബോഡിമേട്ട് റോഡിനുമോപ്പം വണ്ടിപെരിയാര്‍ പാലത്തിന്‍റെയും ഉദ്ഘാടനം ഇന്ന് നടക്കുന്നുണ്ട്.
ലോക്സഭാ മണ്ഡലത്തിൽപ്പെടുന്ന മുടിക്കോട്, കല്ലിടുക്ക്, വാണിയമ്പാറ, ആമ്പല്ലൂർ അടിപ്പാതകളും ആലത്തൂർ മണ്ഡലത്തിലെ ആലത്തൂർ, കുഴൽമന്ദം അടിപ്പാതകളും ചാലക്കുടി മണ്ഡലത്തിലെ ചിറങ്ങര, കൊരട്ടി, മുരിങ്ങൂർ, പേരാമ്പ്ര അടിപ്പാതകളും പാലക്കാട് മണ്ഡലത്തിലെ കാഴ്ചപ്പറമ്പ് അടിപ്പാതയും തുറന്നുകൊടുക്കും.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page