കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ തോട്ടുമുക്കം സ്വദേശി തോമസിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്. തോമസിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചതിനെ തുടർന്നാണ് മൃതദേഹം കല്ലറയിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്തത്. കഴിഞ്ഞ നവംബർ നാലിനാണ് തോമസ് അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
മരിക്കുന്നതിന് ദിവസങ്ങൾക്കു മുൻപ് സുഹൃത്തുക്കളും തോമസുമായി സംഘർഷം ഉണ്ടായതായി തോമസിന്റെ മരണശേഷമാണ് വീട്ടുകാർ അറിയുന്നത്. ഇതിൽ സംശയംതോന്നിയ വീട്ടുകാർ അസ്വാഭാവിക മരണത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അരീക്കോട് പൊലിസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ തോമസിന് മരണകാരണമാകുന്ന വിധത്തിൽ മർദനമേറ്റിട്ടില്ലെന്നാണ് പൊലീസ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. എങ്കിലും അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.







