തിരുവനന്തപുരം: കെ.ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. സഗൗരവമാണ് കടന്നപ്പള്ളി സത്യപ്രതിജ്ഞ ചെയ്തത്. ദൈവനാമത്തിലാണ് ഗണേഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഘടകകക്ഷി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിച്ചു. രാജ്ഭവന്റെ പാര്‍ക്കിങ് ഏരിയയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ആയിരം പേര്‍ക്ക് പങ്കെടുക്കാവുന്ന തരത്തിലായിരുന്നു സദസ്സ്. പുതിയ മന്ത്രിമാര്‍ പങ്കെടുക്കുന്ന മന്ത്രിസഭായോഗം ജനുവരി മൂന്നിന് ചേരും.മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവിലും ആന്റണി രാജുവും രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ച സാഹചര്യത്തിലാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ. എല്‍ഡിഎഫ് മുന്‍ ധാരണ പ്രകാരമായിരുന്നു രാജി. കെ.ബി ഗണേഷ് കുമാറിന് ഗതാഗതവും രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് തുറമുഖ പുരാവസ്തു വകുപ്പുകളുമാകും ലഭിക്കുക. കെബി ഗണേഷ് കുമാര്‍ സിനിമാ വകുപ്പു കൂടി ചോദിച്ചിരുന്നെങ്കിലും അത് അനുവദിക്കുകയുണ്ടായില്ല. ചടങ്ങില്‍ അതീവ ഗൗരവത്തിലായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിക്ക് മുഖം കൊടുക്കാതിരിക്കാന്‍ ഗവര്‍ണര്‍ ശ്രദ്ധിച്ചു. ചടങ്ങ് തീര്‍ന്നയുടനെ മുഖ്യമന്ത്രി സ്ഥലംവിട്ടു. ഗവര്‍ണറുടെ ചായ സല്‍ക്കാരത്തിന് നിന്നില്ല. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള സംഘര്‍ഷം തുടരുന്നതിനിടയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. ഡല്‍ഹിയിലായിരുന്ന ഗവര്‍ണര്‍ ഈ ആവശ്യത്തിനായി കേരളത്തിലേക്ക് കഴിഞ്ഞദിവസം തിരിച്ചെത്തുകയായിരുന്നു. ഇന്നുതന്നെ അദ്ദേഹം മുംബൈക്ക് തിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മൂന്നാം തവണയാണ് കെബി ഗണേഷ് കുമാര്‍ മന്ത്രിസഭയിലെത്തുന്നത്. 2001 മുതല്‍ പത്തനാപുരത്ത് നിന്നുള്ള നിയമസഭാംഗമായി തുടരുന്നു. 2001ല്‍ സംസ്ഥാന നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി മാറി. പിന്നീട് സെലക്ടീവ് റോളുകളില്‍ മാത്രം സിനിമയില്‍ അഭിനയിച്ചുവരുന്നു. ഏ കെ ആന്റണി, ഉമ്മന്‍ ചാണ്ടി സര്‍ക്കാരുകളില്‍ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രിയും കേരള കോണ്‍ഗ്രസ് (ബി) വിഭാഗം ചെയര്‍മാനുമായ കൊല്ലം ജില്ലയില്‍ നിന്നുള്ള മലയാള ചലച്ചിത്ര അഭിനേതാവാണ് കെ.ബി.ഗണേഷ് കുമാര്‍. മലയാള ചലച്ചിത്ര നടന്‍, ടി.വി. സീരിയല്‍ അഭിനേതാവ്, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ ഗണേഷ് കുമാര്‍ മുന്‍ മന്ത്രിയും മുതിര്‍ന്ന കേരള കോണ്‍ഗ്രസ് നേതാവുമായിരുന്ന ആര്‍. ബാലകൃഷ്ണപിള്ളയുടെ മകനാണ്.
കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍ മണ്ഡലം, എടക്കാട് മണ്ഡലം, കണ്ണൂര്‍ നിയോജകമണ്ഡലം എന്നിവയെ പ്രതിനിധീകരിച്ച് കേരള നിയമസഭയില്‍ എത്തിയ ആളാണ് രാമചന്ദ്രന്‍ കടന്നപ്പള്ളി. വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാരില്‍ ദേവസ്വം വകുപ്പ് നല്‍കി കടന്നപ്പള്ളിയെ മന്ത്രിസഭയിലെടുത്തു. രണ്ടു തവണ ദേവസ്വം വകുപ്പും ഒരുതവണ തുറമുഖ വകുപ്പും കൈകാര്യം ചെയ്ത കടന്നപ്പള്ളിക്ക് ഇത്തവണ തുറമുഖ വകുപ്പ് തന്നെ ലഭിക്കും. 1971ല്‍ 26ആം വയസ്സിലായിരുന്നു കാസര്‍കോട് നിന്നുള്ള അദ്ദേഹത്തിന്റെ കന്നിയങ്കം. കന്നിയങ്കത്തില്‍ തന്നെ ഇ കെ നായനാരിനെ പരാജയപ്പെടുത്തിയിരുന്നു.
വീണ്ടും 1977ല്‍ കാസര്‍കോട് മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. എം രാമണ്ണറേയായിരുന്നു അന്ന് പരാജയപ്പെടുത്തിയത്. ശേഷം കോണ്‍ഗ്രസിനുള്ളില്‍ ധ്രുവീകണം ഉണ്ടാവുകയും ഇന്ദിരാഗാന്ധിക്കെതിരെ അദ്ദേഹം നിലപാട് സ്വീകരിക്കുകയും ചെയ്തു. 2016 ല്‍ കണ്ണൂരിലെ അന്നത്തെ സിറ്റിംഗ് എംഎല്‍എയായ എ പി അബ്ദുള്ളക്കുട്ടിയെ പരാജയപ്പെടുത്തിയാണ് എല്‍ഡിഎഫ് മണ്ഡലം പിടിച്ചെടുത്തത്. 2021ല്‍ ഡിസിസി പ്രസിഡന്റായിരുന്ന സതീശന്‍ പാച്ചേനിയെ തോല്‍പ്പിച്ച് കടന്നപ്പള്ളി വീണ്ടും കണ്ണൂരില്‍ നിന്ന് ജയിച്ചുകയറി നിലവില്‍ കോണ്‍ഗ്രസ് എസ്സിന്റെ സംസ്ഥാന അധ്യക്ഷനും കണ്ണൂര്‍ എംഎല്‍എയുമാണ് അദ്ദേഹം. ലഭിക്കുന്നത് ഏത് വകുപ്പായാലും ആ വകുപ്പിനോട് നീതി പുലര്‍ത്തുമെന്ന ഉറച്ച ബോധ്യം അദ്ദേഹത്തിനുണ്ട്.