അയോധ്യ ക്ഷണം; കോൺഗ്രസ് തൃശങ്കുവിൽ; ഇന്ത്യ സഖ്യത്തിൽ ഭിന്നത

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങിലേക്ക് പ്രതിപക്ഷത്തെ പ്രമുഖ ദേശീയപാർട്ടികളെ ക്ഷണിച്ചുള്ള ബി.ജെ.പി.യുടെ രാഷ്ട്രീയനീക്കത്തിൽ കോൺഗ്രസ് തൃശങ്കുവിലായി.
ഇന്ത്യാ സഖ്യത്തിനകത്ത് ആശയക്കുഴപ്പത്തിനും ഭിന്നതയ്ക്കും വഴിതുറന്നു. കോൺഗ്രസ് അടക്കമുള്ള പാർട്ടികളിലെ പ്രമുഖരെ നേരിട്ടെത്തി ക്ഷണിച്ചത് ബിജെ പിയുടെ കൃത്യമായ രാഷ്ട്രീയലക്ഷ്യത്തോടെയാണെന്നാണ് വിലയിരുത്തൽ. കോൺഗ്രസ്‌ നിലപാട് ഇന്ത്യ സഖ്യത്തിനകത്തു വിവാദത്തിന് വഴിവച്ചു.
പുതിയ നീക്കത്തെ കരുതലോടെയാണ് കോൺഗ്രസ് കാണുന്നതെങ്കിലും ക്ഷണം തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള രാഷ്ട്രീയപ്രചാരണത്തിന് അയോധ്യ ബി ജെ പി ആയുധമാക്കുന്നു എന്നാണ് ആരോപണം. സി പി എം ക്ഷണം നിരസിച്ചത് കേരളത്തിൽ കോൺഗ്രസിനെ വെട്ടിലാക്കുന്നതായി. കേരളത്തിൽ, സമസ്ത അടക്കമുള്ള മുസ്‍ലിം മതസംഘടനകൾ ബി.ജെ.പി. നീക്കത്തോട് വിയോജിപ്പു പ്രകടിപ്പിച്ചിരുന്നു. ‘പള്ളി പൊളിച്ചിടത്ത് നിർമിക്കുന്ന ക്ഷേത്രത്തിൽ കാൽവയ്ക്കുമോ കോൺഗ്രസ്’ എന്ന തലക്കെട്ടിൽ സമസ്ത മുഖപത്രം ബുധനാഴ്ച മുഖപ്രസംഗമെഴുതിയതും കോൺഗ്രസിനെ വെട്ടിലാക്കി. രാഹുൽഗാന്ധി വയനാട്ടിൽ വീണ്ടും മത്സരിക്കാനൊരുങ്ങുമ്പോൾ അയോധ്യാക്ഷണത്തിലെ കോൺഗ്രസിന്റെ നിലപാട് കേരളത്തിലെ പാർട്ടിനേതൃത്വത്തിന് നിർണായകും. ബി.ജെ.പി. ക്ഷണം സ്വീകരിച്ച് പങ്കെടുത്താൽ അത് സി.പി.എമ്മും കേരളത്തിൽ കോൺഗ്രസിനെതിരേ ആയുധമാക്കും. യു.ഡി.എഫിനകത്തുള്ള മുസ്‍ലിംലീഗ് വിഷയത്തിൽ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. സമാജ്‌വാദി പാർട്ടിയും ശിവസേന ഉദ്ധവ് താക്കറെ വിഭാഗവും ആം ആദ്മി പാർട്ടിയും ചടങ്ങിൽ പങ്കെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ് പങ്കെടുക്കില്ലെന്ന സൂചനയുണ്ട്. രാമക്ഷേത്ര നിർമാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്രമിശ്ര നേരിട്ടെത്തിയാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും സോണിയാ ഗാന്ധിയെയും ക്ഷണിച്ചത്. പങ്കെടുക്കുമോയെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും ക്ഷണം നിരസിക്കാൻ കോൺഗ്രസ്‌ തയ്യാറായിട്ടില്ല. പകരം കോൺഗ്രസ് പ്രതിനിധികളെ അയക്കാനാണ് സാധ്യത.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page