ഇനി കളിച്ചാൽ റസീന വിവരമറിയും; തലശേരി നഗരത്തിൽ മദ്യപിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവതിക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കാൻ പൊലിസ് നീക്കം തുടങ്ങി

കണ്ണൂർ: മദ്യലഹരിയിൽ തലശേരി നഗരത്തെ വിറപ്പിക്കുന്ന വടക്കുമ്പാട് സ്വദേശിനി റസീനയെ (32) പൂട്ടാൻ പൊലീസ് കെണിയൊരുക്കുന്നു. ഇപ്പോൾ തലശേരി സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന റസീന ഇനി പുറത്തിറങ്ങി വീണ്ടും പരാക്രമം കാണിച്ചാൽ കടുത്ത നടപടികൾ സ്വീകരിക്കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. സമാനമായ നിരവധി പെറ്റി കേസുകളിൽ പ്രതിയായ റസീനയ്ക്കെതിരെ കാപ്പ ചുമത്തി നാടുകടത്താനോ ആറു മാസം ജയിലിൽ അടയ്ക്കാനോയാണ് പൊലിസ് നീക്കം നടത്തുന്നത്. ഇതോടെ കാപ്പ കേസിൽ അകത്തു പോവുന്ന കണ്ണൂർ ജില്ലയിലെ ആദ്യത്തെ പെൺ ഗുണ്ടയായി റസീന മാറും. ക്രിസ്തുമസ് ദിനം തലേന്ന്
മദ്യപിച്ച് ലക്കുകെട്ട് തലശേരി നഗര മധ്യത്തിൽ രണ്ടു മണിക്കൂർ അഴി ഞ്ഞാടുകയും പൊലിസിനെ ഉൾപ്പെടെ പത്തോളം പേരെ അക്രമിക്കുകയും ചെയ്ത വടക്കുമ്പാട് കുളി ബസറിലെ കല്യാണം വീട്ടിൽ റസീനയെ (32) തലശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസം റിമാൻഡ് ചെയ്തിട്ടുണ്ട്. ക്രിസ്തുമസ് ദിവസത്തിന്റെ തലേന്ന് രാത്രി പതിനൊന്നര മണിയോടെ തന്റെ കാറിൽ തലശേരി കീഴന്തി മുക്കിലെത്തിയ റസീന റോഡ് മുടക്കി അഴിഞ്ഞാടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തലശേരി ടൗൺ എസ്.ഐ വി.വി ദീപ്തിയുടെ നേതൃത്വത്തിൽ ഇവരെ മൽപ്പിടിത്തം നടത്തിയാണ് കീഴടക്കിയത്.
ഇതിനെ തുടർന്നാണ് പൊലിസിനെ അക്രമിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടയൽ, ഗതാഗതം തടസപ്പെടുത്തൽ, യാത്രക്കാരെ അക്രമിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഇവരെ അറസ്റ്റു ചെയ്തത്.
ഏറെ തിരക്കേറിയ കീഴന്തി മുക്കിൽ കാറുമായി എത്തിയ റസീന കൂടെയുണ്ടായിരുന്ന യുവാവിനെ അക്രമിച്ചതോടെയാണ് തുടക്കം. ഇതു ചോദ്യം ചെയ്ത വ്യാപാരിയെ റസിന ഓടിച്ചിട്ട് അടിച്ചു. പിന്നെ വഴിയിൽ കാണുന്നവരെയെല്ലാം അസഭ്യം പറയുകയും ചവിട്ടുകയും മുഖത്തടിക്കുകയും ചെയ്തു. ഒൻപതു പുരുഷൻമാർക്കാണ് റസീനയുടെ മർദ്ദനമേറ്റത്. ഇതോടെ മഞ്ഞോടി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിക്കു മുൻപിലുടെയുള്ള റോഡ് ഗതാഗതം സ്തംഭിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പുരുഷ പൊലിസുകാരെയും റസീന വെറുതെ വിട്ടില്ല. ഒടുവിൽ പ്രിൻസിപ്പൽ എസ്.ഐ വി.വി ദീപ്തിയും സംഘവും സ്ഥലത്തെത്തുകയായിരുന്നു. എസ്.ഐയെ തട്ടിയകറ്റുകയും തള്ളിയിടാൻ ശ്രമിക്കുകയും ചെയ്ത ഇവരെ സാഹസികമായാണ് കീഴടക്കിയത്.
തലശേരി നഗരത്തിലും പരിസര പ്രദേശങ്ങളിലും മദ്യപിച്ചു ലക്കുകെട്ട് പൊതുജനങ്ങൾ ഭീഷണി ഉയർത്തുന്ന റസീനയെ ആദ്യമായാണ് കോടതി റിമാൻഡ് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page