പത്തനംതിട്ട: ശബരിമല മണ്ഡലപൂജ നാളെ. രാവിലെ 10.30നും 11 മണിക്കുമിടയിലാണ് മണ്ഡലപൂജ. മണ്ഡലപൂജാ സമയത്ത് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കഅങ്കിയുമായുള്ള ഘോഷയാത്ര ഇന്നു വൈകുന്നേരം സന്നിധാനത്ത് എത്തും.
കഴിഞ്ഞ ശനിയാഴ്ചയാണ് ആറന്മുളള പാര്‍ത്ഥസാരഥിക്ഷേത്രത്തില്‍ നിന്നു തങ്കഅങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആരംഭിച്ചത്. പമ്പയില്‍ നിന്നു വൈകുന്നേരമെത്തുന്ന തങ്കഅങ്കിഘോഷയാത്രയ്ക്ക് ശരംകുത്തിയില്‍ ദേവസ്വം ബോര്‍ഡ് ഔദ്യോഗിക വരവേല്‍പ്പ് നല്‍കും.
6.15ന് സന്നിധാനത്തില്‍ എത്തിയ ശേഷം 6.30ന് തങ്കഅങ്കി ചാര്‍ത്തിക്കൊണ്ടുള്ള ദീപാരാധന നടക്കും. നാളെ അടയ്ക്കുന്ന നട മകരവിളക്ക് ഉത്സവത്തിനായി 30ന് അഞ്ചുമണിക്ക് തുറക്കും. അതേസമയം ശബരിമലയില്‍ വന്‍ഭക്തജനത്തിരക്കാണ്. ഇന്നു രാവിലെ മാത്രം കാല്‍ ലക്ഷത്തോളം പേര്‍ പതിനെട്ടാം പടി ചവിട്ടി. സന്നിധാനത്ത് തിരക്ക് നിയന്ത്രണ വിധേയമാണെങ്കിലും ഇവിടേക്കുള്ള വഴികളില്‍ തീര്‍ത്ഥാടകരുടെ നീണ്ടനിര തുടരുകയാണ്. ദര്‍ശനം നടത്തിയ ശേഷം തീര്‍ത്ഥാടകര്‍ മലയിറങ്ങാന്‍ വൈകുന്നതും വലിയ പ്രശ്നങ്ങള്‍ക്കു ഇടയാക്കുന്നുണ്ട്.
