ആവശ്യസാധനങ്ങളുടെ വില കൂട്ടുന്നു; തീരുമാനം നാളെ

തിരു: സപ്ലൈക്കോയിലെ 13 ഇനം സബ്സിഡി സാധനങ്ങളുടെ വില ഉടന്‍ കൂട്ടും. ഇതു സംബന്ധിച്ച് നിര്‍ണ്ണായക തീരുമാനം നാളെ ചേരുന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തില്‍ ഉണ്ടാകുമെന്നാണ് സൂചന. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് സബ്സിഡി സാധനങ്ങളുടെ വില കൂട്ടാന്‍ ഇടതുമുന്നണി യോഗം നേരത്തെ തത്വത്തില്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ നവകേരള സദസ് തീര്‍ന്നശേഷം വില വര്‍ദ്ധനവ് വരുത്തിയാല്‍ മതിയെന്നായിരുന്നു ധാരണ. 2016 മെയ് മുതല്‍ സപ്ലൈക്കോ വഴി വിതരണം ചെയ്യുന്ന ആവശ്യ സാധനങ്ങള്‍ക്ക് ഒരേ വിലയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി നല്‍കിയ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ആവശ്യസാധനങ്ങളുടെ വില വര്‍ദ്ധിപ്പിക്കില്ലയെന്നത്. എന്നാല്‍ ഏഴു വര്‍ഷമായി തുടരുന്ന വില പ്രകാരം ആവശ്യസാധനങ്ങള്‍ നല്‍കാനാകില്ലെന്നാണ് സപ്ലൈകോയുടെ നിലപാട്. ഒന്നുകില്‍ സബ്സിഡി നിരക്കില്‍ കാലോചിതമായ വര്‍ദ്ധനവ് വരുത്തുക, അല്ലെങ്കില്‍ നഷ്ടം നികത്താന്‍ സാമ്പത്തിക സഹായം അനുവദിക്കുകയെന്നതാണ് സപ്ലൈകോയുടെ നിലപാട്. ഈ നിലപാടിനു ഇടതുമുന്നണിയും തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു.
ഇതിനിടയില്‍ കടം കയറുകയും കുടിശ്ശിക പെരുകുകയും ചെയ്തതോടെ കരാറുകാര്‍ പിന്‍മാറുകയും സപ്ലൈകോ ഷോപ്പുകളില്‍ അവശ്യ സാധനങ്ങള്‍ ലഭ്യമില്ലാത്ത സ്ഥിതി വരികയും ചെയ്തിരുന്നു. പ്രതിസന്ധിയിലായ സപ്ലൈക്കോയെ കരകയറ്റണമെങ്കില്‍ വില വര്‍ദ്ധനവ് അനിവാര്യമാണെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതി വിലയിരുത്തല്‍. നിലവില്‍ സപ്ലൈകോ വഴിയുള്ള പല ഉല്‍പ്പന്നങ്ങള്‍ക്കും അന്‍പത് ശതമാനത്തില്‍ അധികമാണ് സബ്സിഡി. ഇതു കുത്തനെ കുറയ്ക്കാനായിരിക്കും മന്ത്രിസഭാ യോഗത്തില്‍ പരിഗണനയ്ക്ക് വരികയെന്നാണ് സൂചന. സബ്സിഡി കുറയ്ക്കുന്നതോടെ അവശ്യ സാധനങ്ങളുടെ വിലയില്‍ വലിയ വര്‍ധനവ് ഉണ്ടാകും- ഇതു വലിയ പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കും. ഇതു മുന്നില്‍ കണ്ടുകൊണ്ടാണ് നിലവില്‍ സബ്സിഡി നല്‍കുന്ന 13 ഇനങ്ങള്‍ക്കു പുറമെ കൂടുതല്‍ ഇനങ്ങളെ ഉള്‍പ്പെടാത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. നിലവില്‍ പ്രവര്‍ത്തിക്കുന്ന സപ്ലൈക്കോ സ്റ്റോറുകളുടെ പ്രവര്‍ത്തനത്തിനുള്ള തുക അവിടങ്ങളില്‍ നിന്നു തന്നെ കണ്ടെത്താനും നേരത്തെ നിയോഗിച്ച മൂന്നംഗ സമിതിസമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page