കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക് സ്വര്‍ണ വായ്പ തട്ടിപ്പ്; ഒരു സ്ത്രീ കൂടി അറസ്റ്റില്‍

കാസര്‍കോട്: കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക് സ്വര്‍ണ വായ്പ തട്ടിപ്പ് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കാഞ്ഞങ്ങാട് വടകര മുക്കിലെ നസീമ(55)യാണ് അറസ്റ്റിലായത്. ഹോസ്ദുര്‍ഗ് എസ്.ഐ കെ. വേലായുധനാണ് അറസ്റ്റ് ചെയ്തത്. കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്കിന്റെ മഡിയന്‍ ശാഖ മാനേജര്‍ അടമ്പില്‍ സ്വദേശിനി ടി. നീനയെ കഴിഞ്ഞദിവസം കോടതി ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെയാണ് നസീമയെ പൊലീസ് അറസ്റ്റ് ചെയ്തത്. ബാങ്കില്‍ ഇടപാടുകാര്‍ പണയപ്പെടുത്തിയ അരക്കോടിയിലേറെ രൂപയുടെ സ്വര്‍ണ്ണം മറിച്ച് ഇതേ ബാങ്കില്‍ വീണ്ടും പണയപ്പെടുത്തി പണം തട്ടിയതായാണ് കേസ്. 58 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. സംഭവത്തില്‍ നീന ഉള്‍പ്പെടെ ഏഴ് പ്രതികളുണ്ടെങ്കിലും മറ്റുള്ളവരെ ചോദ്യം ചെയ്തതല്ലാതെ അറസ്റ്റ് ചെയ്തിരുന്നില്ല. ഒരാളൊഴികെ എല്ലാവരെയും ചോദ്യം ചെയ്തിരുന്നു. ഇടപാടുകാര്‍ പണയപ്പെടുത്തിയ സ്വര്‍ണം അവരറിയാതെ എടുത്ത് മറ്റ് ആളുകളുടെ പേരില്‍ വീണ്ടും പണയപ്പെടുത്തിയാണ് പണം തട്ടിയത്. നീനയ്ക്ക് മറ്റൊരു ശാഖയിലേക്ക് സ്ഥലംമാറ്റം ലഭിച്ചതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. നീന കൈക്കലാക്കിയിരുന്ന സ്വർണാഭരണങ്ങൾ നസീമ ഇതേ ബാങ്കിന്റെ ശാഖയിൽ വീണ്ടും പണയപ്പെടുത്തി ഇരുപത്തി നാലു ലക്ഷത്തിൽ പരം രൂപ സ്വന്തമാക്കിയിട്ടുണ്ട്. ഈ തുക വടകര മുക്കിലെ ബാങ്കിന്റെ ശാഖയിൽ വായ്പാതുക അടച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടർന്നാണ് നസിമയെ അറസ്റ്റ് ചെയ്തത്. ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് കോടതി 14 ദിവസത്തേക്ക് നസീമയെ റിമാണ്ട് ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page