തിരുവനന്തപുരം:ചായക്കടയില്‍ പഴംപൊരിയുടെ രുചിയെ ചൊല്ലിയുള്ള തര്‍ക്കം കലാശിച്ചത് കത്തിക്കുത്തില്‍. വര്‍ക്കല വെട്ടൂര്‍ വലയന്റകുഴി ഒലിപ്പുവിള വീട്ടില്‍ രാഹുലിനാണ് (26) കുത്തേറ്റത്.സംഭവത്തില്‍ വെട്ടൂര്‍ അരിവാളം ദാറുല്‍ സലാമില്‍ ഐസക് എന്നു വിളിക്കുന്ന അല്‍ത്താഫിനെ (38) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായ അല്‍ത്താഫ് അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷൻ പരിധിയില്‍ കൊലപാതക ശ്രമം അടക്കമുള്ള കേസുകളില്‍ പ്രതിയാണെന്നു പൊലീസ് വ്യക്തമാക്കി. മേല്‍വെട്ടൂര്‍ ജങ്ഷനിലെ ചായക്കടയില്‍ കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം നടന്നത്. ചായക്കടയില്‍ നിന്നു പഴംപൊരി വാങ്ങിക്കഴിച്ച രാഹുല്‍ അതിന്റെ രുചിക്കുറവിനെക്കുറിച്ചു കട നടത്തിപ്പുകാരനുമായി തര്‍ക്കിച്ചു.
കടയില്‍ ചായ കുടിച്ചു കൊണ്ടിരുന്ന അല്‍ത്താഫ് ഈ പ്രശ്നത്തില്‍ ഇടപെടുകയും പിന്നാലെ രാഹുലും അല്‍ത്താഫും തമ്മില്‍ തര്‍ക്കമുണ്ടാവുകയുമായിരുന്നു. പിന്നീട് തര്‍ക്കം വാക്കേറ്റത്തിലും കൈയാങ്കളിയിലേക്കും കടന്നു. അതിനിടെയാണ് കൈയില്‍ കരുതിയിരുന്ന കത്തിയുപയോഗിച്ച് അല്‍ത്താഫ് രാഹുലിന്റെ മുതുകില്‍ കുത്തിയത്. സംഭവത്തിനു ശേഷം രാഹുലിനെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.







