ആരാന്റെ മക്കളെ തല്ലുന്നത് ആസ്വദിക്കുന്ന മുഖ്യമന്ത്രിക്ക് സാഡിസ്റ്റ് മനസ്; സ്റ്റാലിന്‍ ചമയണ്ടെന്ന് വി.ഡി.സതീശന്‍

കാസര്‍കോട്: ആരാന്റെ മക്കളെ റോഡിലിട്ട് പേപ്പട്ടിയെ പോലെ തല്ലിക്കൊല്ലാന്‍ ശ്രമിക്കുന്നത് ആസ്വദിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്ന സാഡിസ്റ്റിന്റെ മനസാണ് കേരളത്തിന്റെ മുഖ്യമന്ത്രിക്കെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. സ്റ്റേറ്റ് എംപ്ലോയിസ് ആന്റ് ടീച്ചേര്‍സ് ഓര്‍ഗനൈസേഷന്‍ (സെറ്റോ) നേതൃത്വത്തിലുള്ള സിവില്‍ സര്‍വ്വീസ് അധ്യാപക മേഖലയുള്‍പ്പടെ പുനരുജ്ജീവനത്തിനായി നടത്തുന്ന അതിജീവന യാത്ര ഉദ്ഘാടനം ചെയ്യാന്‍ എത്തിയ പ്രതിപക്ഷ നേതാവ് വാര്‍ത്താലേഖകരോട് സംസാരിക്കുന്നതിനിടയിലാണ് മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചത്. മുഖ്യമന്ത്രി അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണ്, ക്രിമിനല്‍ മനസ്സുള്ള ആളാണ് കേരളം ഭരിക്കുന്നത്. നവകേരള സദസ്സിന്റെ പേരില്‍ സി.പി.എം പ്രവര്‍ത്തകര്‍ വ്യാപകമായി അക്രമം അഴിച്ചു വിടുന്നതിനുള്ള പ്രേരണ മുഖ്യമന്ത്രിയുടെ സാഡിസ്റ്റ് മനസാണ് സതീശന്‍ പറഞ്ഞു. ഷൂ എറിഞ്ഞതിന്റെ പേരില്‍ വധശ്രമത്തിന് കേസെടുത്ത് പൊലീസിനെ മുഖ്യമന്ത്രി പരിഹാസ്യരാക്കുകയാണ്. പിണറായിയെ പോലെ ക്രൂരനായ ഒരാളാണ് മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്നത് എന്നതോര്‍ത്ത് കേരളം ലജ്ജിച്ച് തലതാഴ്ത്തും. മുഖ്യമന്ത്രി സ്റ്റാലിന്‍ ചമയുകയാണ്. ഇത് ജനാധിപത്യ കേരളമാണെന്ന് പിണറായി വിജയനെ ബോധ്യപ്പെടുത്താനുള്ള കരുത്ത് കേരളത്തിലെ പ്രതിപക്ഷത്തിനുണ്ടെന്നത് ഓര്‍ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ട്രഷറി പൂട്ടിയിട്ടും ധനമന്ത്രി ടൂറിലാണ്. ഒരു ഓട പണിയാനുള്ള പണം പോലും സര്‍ക്കാരിന്റെ കയ്യിലില്ല. സപ്ലൈകോയും കെ.എസ്.ആര്‍.ടി.സിയും കെ.എസ്.ഇ.ബിയും തകര്‍ത്തവരാണ് നവകേരളം ഉണ്ടാക്കാന്‍ നടക്കുന്നത്. കര്‍ഷകരെല്ലാം പ്രതിസന്ധിയിലാണ്. കെടുകാര്യസ്ഥതയും അഴിമതിയും മുഖമുദ്രയാക്കിയ കൊള്ളക്കാരുടെ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയില്‍ നിശ്ചിത കാലയളവിനുള്ളില്‍ മെഡിക്കല്‍ പരിശോധന നടത്തി പുതിയ രോഗികളുണ്ടെങ്കില്‍ അവര്‍ക്ക് കൂടി ആനുകൂല്യങ്ങള്‍ നല്‍കാമെന്നതായിരുന്നു നേരത്തെയുണ്ടായിരുന്ന ധാരണ. 2011 ന് ശേഷമുള്ള ആര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കേണ്ടെന്നത് വേദനാജനകമായ തീരുമാനമാണ്. ഈ ഉത്തരവ് പിന്‍വലിച്ച്, കൃത്യമായ കാലയളവില്‍ പരിശോധന നടത്തി പുതിയ രോഗികള്‍ക്ക് കൂടി ആനുകൂല്യങ്ങള്‍ നല്‍കണം. കിട്ടിക്കൊണ്ടിരിക്കുന്നവര്‍ക്ക് കൂടി ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന ക്രൂരമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. എന്റോസള്‍ഫാന്‍ ദുരിത ബാധിതരോടുള്ള സമീപനം മാറ്റിയില്ലെങ്കില്‍ സമരത്തിനു നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കെ.പി.സി.സി സെക്രട്ടറി കെ.നീലകണ്ഠന്‍, ഡിസി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍ എന്നിവരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page