ഇരമ്പിയെത്തി കടന്നലുകൾ; രക്ഷതേടി കിണറ്റിൽ ചാടി നാട്ടുകാരൻ; വലിയ പറമ്പിലെ കടന്നൽ ആക്രമണത്തിൻ്റെ ഞെട്ടലിൽ പ്രദേശവാസികൾ

കാസർകോട്: തൃക്കരിപ്പൂർ വലിയപറമ്പിൽ ഇളകിയെത്തിയ  കടന്നല്‍കൂട്ടത്തിൽ നിന്ന് രക്ഷപ്പെടാൻ തലങ്ങും വിലങ്ങും ഓടി നാട്ടുകാർ. കിണറ്റില്‍ ചാടിയും സ്കൂട്ടര്‍ ഉപേക്ഷിച്ച്‌ ഓടിയുമാണ് രണ്ടുപേര്‍ ജീവനോടെ രക്ഷപ്പെട്ടത്. വലിയ പറമ്പ് മൃഗാശുപത്രിക്ക് സമീപമാണ് കഴിഞ്ഞ ദിവസമാണ് സംഭവം. കടന്നല്‍ കുത്തേറ്റ മൃഗാശുപത്രി ജീവനക്കാരൻ ഇ. അശോക് കുമാര്‍(53), പ്രവാസി വലിയപറമ്പിലെ സി. ബാലകൃഷ്ണൻ(59), നിര്‍മാണ തൊഴിലാളി ബിഹാര്‍ സ്വദേശി ഫാറൂഖ്(19) എന്നിവര്‍ തൃക്കരിപ്പൂരിലെ ആശുപത്രിയില്‍ ചികിത്സ തേടി. വലിയ കടന്നല്‍ കൂട്ടില്‍ പരുന്ത് കൊത്തിയതോടെ ആയിരക്കണക്കിന് കടന്നലുകൾ ഇളകി വരുകയായിരുന്നു.
രാവിലെ വീടിനടുത്ത് ക്വാര്‍ട്ടേഴ്സിന്‍റെ നിര്‍മാണത്തിനിടയിലാണ് ബാലകൃഷ്ണനെയും തൊഴിലാളി ഫാറൂഖിനെയും ആദ്യം കടന്നലുകള്‍ കുത്തിയത്. ബാലകൃഷ്ണൻ തൊട്ടടുത്ത പറമ്ബിലെ ആള്‍മറയില്ലാത്ത കിണറില്‍ എടുത്തു ചാടുകയായിരുന്നു.

കിണറ്റില്‍ ചാടിയിട്ടും ബാലകൃഷ്ണനെ കടന്നലുകള്‍ വെറുവിട്ടില്ല. കടന്നലുകള്‍ കൂട്ടത്തോടെ പിന്നാലെയെത്തി. ബാലകൃഷ്ണൻ തന്‍റെ കൈയിലുണ്ടായിരുന്ന തോര്‍ത്ത് വെള്ളത്തില്‍ നനച്ച്‌ ഇതുകൊണ്ട് കടന്നലുകളെ അടിച്ചുകൊന്നാണ് രക്ഷപെട്ടത്. ഓടിക്കൂടിയ നാട്ടുകാരാണ് ബാലകൃഷ്ണനെ പുറത്തെത്തിച്ചത്.

ഉച്ചയോടെയാണ് കന്നുകാലികള്‍ക്ക് കുളമ്ബുരോഗത്തിനുള്ള കുത്തിവെപ്പ് കഴിഞ്ഞ് സ്കൂട്ടറില്‍ തിരിച്ചു വരവേയാണ് സ്കൂട്ടറില്‍ മൃഗാശുപത്രി ജീവനക്കാരൻ അശോക് കുമാറിനെ കടന്നലുകള്‍ കുത്തിയത്.സ്കൂട്ടര്‍ ഉപേക്ഷിച്ച്‌ കായലിനരികിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയില്‍ തലയുടെ പിൻഭാഗത്തും കൈകളിലും കുത്തേറ്റ അശോക് കുമാറിനെ ഹെല്‍മറ്റ് ഊരി മാറ്റി മൃഗാശുപത്രി ജീവനക്കാര്‍ തൃക്കരിപ്പൂര്‍ ഗവ.താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മൂന്നു തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ഇവിടെ നിന്നും കുത്തേറ്റിരുന്നു. പിന്നീട് നാട്ടുകാര്‍ കടന്നല്‍ കൂട് തീയിട്ട് നശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page