കാസര്‍കോട്: നഴ്സിങ് വിദ്യാര്‍ഥിനിയെ ട്രെയിനില്‍ നിന്ന് തെറിച്ചുവീണു പരിക്കേറ്റ നിലയില്‍ കണ്ടെത്തി. കരിവെള്ളൂര്‍ പലിയേരിക്കൊവ്വല്‍ സ്വദേശിനി രാധയുടെ മകളും ബംഗളൂരുവിലെ നഴ്സിങ് വിദ്യാര്‍ഥിനിയുമായ അശ്വതി(20)യാണ് ട്രെയിനില്‍ നിന്ന് വീണത്. ശനിയാഴ്ച രാവിലെ ഒന്‍പതരയോടെയാണ് സംഭവം. ബംഗളൂരുവില്‍ നിന്ന് പയ്യന്നൂരിലേക്ക് യശ്വന്ത്പൂര്‍ എക്സ്പ്രസ് ട്രെയിനില്‍ വരികയായിരുന്നു വിദ്യാര്‍ഥിനി. ഉദിനൂര്‍ പോട്ടച്ചാല്‍ റെയില്‍വേ ഗേറ്റിന് സമീപം ട്രെയിനെത്തിയപ്പോള്‍ വാതില്പടിക്ക് സമീപം നില്‍ക്കുകയായിരുന്ന അശ്വതി അബദ്ധത്തില്‍ തെറിച്ചുവീഴുകയായിരുന്നു. വഴിയാത്രക്കാരാണ് പരിക്കേറ്റ നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. സമീപത്തുനിന്ന് ലഭിച്ച മൊബൈല്‍ വഴി ആളെ തിരിച്ചറിയാന്‍ കഴിഞ്ഞു. കൈക്കും വലതുകാലിനും സാരമായി പരിക്കേറ്റ അശ്വതിയെ നാട്ടുകാര്‍ തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. രണ്ടാംവര്‍ഷ നഴ്സിങ് ബി.എസ്.സി വിദ്യാര്‍ഥിനിയായ അശ്വതി അവധി ദിനങ്ങളായതിനാലാണ് നാട്ടിലേക്ക് പുറപ്പെട്ടത്.
![](https://mlozaudj56ft.i.optimole.com/w:1373/h:773/q:mauto/f:best/https://malayalam.karavaldaily.com/wp-content/uploads/2024/07/beachh.jpg)