മാസപ്പടി: മുഖ്യമന്ത്രിക്കും മകള്‍ക്കും അടക്കം നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവ്; നോട്ടീസ് വരട്ടെയെന്നു മുഖ്യമന്ത്രി

സിഎംആര്‍എല്ലില്‍നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ വിജയന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവ്. എതിര്‍കക്ഷികളുടെ വാദംകൂടി കേള്‍ക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി അടക്കം 12 പേര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
മാസപ്പടി വിവാദം സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയതിനെതിരെ കളമശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് കെ ബാബുവിന്റെ വിധി. മുഖ്യമന്ത്രിയും മകളും അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മറ്റു യു ഡി എഫ് നേതാക്കളായ രമേശ് ചെന്നിത്തല, പി കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ സി എം ആര്‍ എല്‍ കമ്പനിയില്‍ നിന്ന് അനധികൃതമായി മാസപ്പടി കൈപ്പറ്റിയത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജിയാണ് വിജിലന്‍സ് കോടതി തള്ളിയത്. സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതിയില്ലാത്തതിന്റെ പേരില്‍ വിജിലന്‍സ് അന്വേഷണമെന്ന ആവശ്യം നിഷേധിച്ച നടപടി തെറ്റാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. സര്‍ക്കാര്‍ അനുമതി തേടിയിട്ടുണ്ടോയെന്ന് ആരായാതെയും ഹര്‍ജിക്കാരന്റെ വാദം കേള്‍ക്കാതെയുമാണ് വിജിലന്‍സ് ഉത്തരവ്. ഈ സാഹചര്യത്തില്‍ പരാതി വീണ്ടും പരിഗണിച്ച് തീരുമാനമെടുക്കാന്‍ വിജിലന്‍സ് കോടതിക്ക് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. ഹര്‍ജി കോടതിയുടെ പരിഗണയിലിരിക്കെ ഹര്‍ജിക്കാരനായ ഗിരീഷ് ബാബു മരിച്ചു. തുടര്‍ന്ന് കോടതി അമിക്വസ് ക്യൂറിയെ നിയമിച്ചു. വിജിലന്‍സ് കോടതി ഉത്തരവില്‍ അപാകതയുണ്ടെന്നായിരുന്നു അമിക്വസ് ക്യൂറി കോടതിയെ അറിയിച്ചത്. അതേസമയം മാസപ്പടി വിഷയത്തില്‍ നോട്ടീസ് അയക്കാനുള്ള ഹൈക്കോടതി നിര്‍ദേശത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. നിങ്ങള്‍ വേവലാതിപ്പെടണ്ടല്ലോ, ഞാനല്ലേ വേവലാതിപ്പെടേണ്ടതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. എറണാംകുളം ജില്ലയില്‍ നടക്കുന്ന നവകേരള സദസിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് മുഖ്യമന്ത്രിക്കും മകള്‍ വീണാ വിജയനും നോട്ടീസ് അയക്കണമെന്ന ഹൈക്കോടതിയുടെ നിര്‍ദേശമുണ്ടായത്. കേസില്‍ സ്വമേധയാ കക്ഷി ചേര്‍ന്ന കോടതി, മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് നോട്ടീസ് അയക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഹര്‍ജിയില്‍ എല്ലാവരെയും കേള്‍ക്കണമെന്നും, എതിര്‍കക്ഷികളെ കേള്‍ക്കാതെ തീരുമാനം എടുക്കാനാകില്ലെന്ന് ജസ്റ്റിസ് കെ ബാബു ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page