ഡല്‍ഹി: ചോദ്യത്തിന് കോഴ വിവാദത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കി. മഹുവ മൊയ്ത്രയ്‌ക്കെതിരായ എത്തിക്‌സ് കമ്മറ്റി റിപ്പോര്‍ട്ട് ലോക്‌സഭയില്‍ ചര്‍ച്ചയ്ക്ക് വച്ച ശേഷമായിരുന്നു പുറത്താക്കല്‍. ഇതോടെ മഹുവ മൊയ്ത്രയ്ക്ക് എംപി സ്ഥാനം നഷ്ടമായി. ശബ്ദവോട്ടോടെയാണ് പ്രമേയം പാസായത്. മഹുവ മൊയ്ത്രയെ പുറത്താക്കുന്നതിനുള്ള വോട്ടെടുപ്പില്‍ പ്രതിപക്ഷം പങ്കെടുത്തില്ല. വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് പ്രതിപക്ഷം സഭ വിട്ടതോടെ ലോക്‌സഭ തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു. മഹുവയെ പുറത്താക്കാന്‍ സഭയ്ക്ക് അധികാരമില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് എംപിമാര്‍ വാദിച്ചെങ്കിലും ഫലമുണ്ടായില്ല. പന്ത്രണ്ടു മണിക്ക് സഭ പുനരാരംഭിച്ചപ്പോഴാണ് എത്തിക്‌സ് കമ്മിറ്റി അധ്യക്ഷന്‍ വിജയ് സോങ്കര്‍ റിപ്പോര്‍ട്ട് സഭയില്‍ വച്ചത്. എന്നാല്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ രണ്ടു മണിവരെ നിര്‍ത്തി വച്ചതിനാല്‍ റിപ്പോര്‍ട്ടിന്മേല്‍ മറ്റു നടപടികളിലേക്ക് നടന്നില്ല. എത്തിക്‌സ് കമ്മറ്റി എല്ലാ നിയമങ്ങളും ലംഘിച്ചെന്ന് പാര്‍ലമെന്റില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം മഹുവ പ്രതികരിച്ചു. വസ്ത്രക്ഷേപമാണ് ഇപ്പോള്‍ നടക്കുന്നതെന്നും മഹാഭാരത യുദ്ധമാണ് ഇനി കാണാന്‍ ഇരിക്കുന്നതെന്നും മഹുവ മൊയ്ത്ര പറഞ്ഞു. മഹുവ മൊയ്ത്രയെ പുറത്താക്കിയതോടെ പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി. നേരത്തെ ബിജെപി അംഗങ്ങള്‍ക്ക് പാര്‍ട്ടി വിപ്പ് നല്‍കിയിരുന്നു.
ഒക്ടോബര്‍ 15നാണ് ലോക്‌സഭയില്‍ ചോദ്യം ചോദിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് പണംവാങ്ങിയെന്ന ആരോപണം ബിജെപി പാര്‍ലമെന്റില്‍ ഉന്നയിച്ചത്. നവംബര്‍ രണ്ടിന് മഹുവ എത്തിക്‌സ് കമ്മിറ്റിക്കു മുന്നില്‍ ഹാജരായെങ്കിലും അതിരുവിട്ട ചോദ്യങ്ങള്‍ ചോദിച്ചുവെന്നാരോപിച്ച് കമ്മിറ്റിയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.