വരന്‍ ആവശ്യപ്പെട്ടത് 150 പവനും 15 ഏക്കര്‍ ഭൂമിയും ഒരു ബിഎംഡബ്ല്യു കാറും; വിവാഹം മുടങ്ങിയതിനാലാണ് ഷഹ്ന ആത്മഹത്യ ചെയ്തതെന്ന് കുടുംബം

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ വനിതാ ഡോക്ടറുടെ മരണകാരണം അനസ്തേഷ്യ മരുന്ന് കൂടുതലായി കുത്തിവെച്ചതെന്ന് പൊലീസ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും ഇക്കാര്യം സ്ഥിരീകരിച്ചു. ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. അതേസമയം വിവാഹം മുടങ്ങിയതിനാലാണ് ഷഹ്ന ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചു. ഒപ്പം പഠിക്കുന്ന സുഹൃത്തുമായാണ് വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇവര്‍ പണം ആവശ്യപ്പെട്ടു. ഇത് നല്‍കാന്‍ കഴിയാത്തതിനാലാണ് വിവാഹം മുടങ്ങുന്നതിലേക്ക് എത്തിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. സാമ്പത്തിക പ്രശ്നങ്ങളടക്കം വ്യക്തമാക്കുന്ന കത്തില്‍ ഷഹ്ന കടുത്ത നിരാശയിലായിരുന്നുവെന്ന് വ്യക്തമാണ്. ഉപ്പ മരിച്ചതോടെ സാമ്പത്തികമായി ആരും സഹായിക്കാനില്ലെന്നും പ്രണയ വിവാഹത്തിന് സ്ത്രീധനം നല്‍കാന്‍ ശേഷിയില്ലെന്നും കുറിപ്പിലുണ്ട്. 150 പവനും 15 ഏക്കര്‍ ഭൂമിയും ഒരു ബിഎംഡബ്ല്യു കാറുമാണ് യുവാവിന്റെ കുടുംബം ആവശ്യപ്പെട്ടതെന്ന് ഷഹ്നയുടെ ബന്ധുക്കള്‍ ആരോപിച്ചു. ഇതിന്റെ മുനോവിഷമത്തിലായിരുന്നു ഷഹ്നയെന്നും ഇവര്‍ പറയുന്നു. രണ്ട് വര്‍ഷം മുമ്പായിരുന്നു ഷഹ്നയുടെ പിതാവ് അബ്ദുല്‍ അസീസ് മരിച്ചത്. സാമ്പത്തികമായി സഹായിക്കാന്‍ ആരുമില്ലെന്നാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്. വാപ്പയായിരുന്നു എല്ലാം. ഏക ആശ്രയമായ വാപ്പ മരിച്ചു. ഇനി സഹായിക്കാന്‍ ആരുമില്ല. എല്ലാവര്‍ക്കും പണം മാത്രം മതി. സഹോദരിയുടെ വിവാഹം കഴിഞ്ഞു. ഇനി സഹോദരന്‍ മാത്രമാണുള്ളത്. വിവാഹത്തിന് ഉള്‍പ്പെടെ പണം ആവശ്യമാണ്. ഇനി പണം ആര് നല്‍കാനാണ്. ആരെയും ബുദ്ധിമുട്ടിക്കാനില്ലെന്നും കുറിപ്പിലുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സര്‍ജറി വിഭാഗത്തില്‍ പി ജി ചെയ്യുകയായിരുന്നു ഷഹ്ന. വെഞ്ഞാറന്മൂട് സ്വദേശിയാണ്.
ഡോ. ഷഹ്നയെ കഴിഞ്ഞ ദിവസം രാത്രി 11.20 നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപമുള്ള ഫ്ലാറ്റില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ സഹപാഠികള്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിന്നാലെ പൊലീസ് ഫ്ളാറ്റിലെത്തി നടത്തിയ പരിശോധനയിലാണ് ആത്മഹത്യാ കുറിപ്പ് ലഭിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പിജി അസോസിയേഷന്‍ സംസ്ഥാന ഭാരവാഹിയായ ഡോക്ടര്‍ക്കെതിരെയാണ് പരാതി. മെഡിക്കല്‍ പൊലീസാണ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page