ബംഗളൂരു: നഗരത്തിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥിനി കോളേജിന്റെ നാലാം നിലയില്‍ നിന്ന് ചാടി മരിച്ചു. ഷിമോഗ ശരാവതി നഗര്‍ ആദിചുഞ്ചനഗിരി കോളജിലെ രണ്ടാം വര്‍ഷ പിയുസി വിദ്യാര്‍ഥിനി മേഘശ്രീ (18)യാണ് മരിച്ചത്. ദാവന്‍ഗരെ ജില്ലയിലെ ചന്നപുര ഗ്രാമ സ്വദേശിനിയാണ്. ചൊവ്വാഴ്ച രാവിലെ കോളേജില്‍ ബയോളജി പരീക്ഷ ഉണ്ടായിരുന്നു. പരീക്ഷയ്ക്കിടെ ശുചിമുറിയില്‍ പോയ വിദ്യാര്‍ത്ഥി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചതായാണ് വിവരം. കെട്ടിടത്തില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ കോളേജ് ജീവനക്കാര്‍ ഉടന്‍ തന്നെ മെഗാന്‍ ടീച്ചിംഗ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. കോളജിന് കീഴിലുള്ള ഹോസ്റ്റലിലാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. അതേസമയം, മകളുടെ മരണത്തില്‍ കോളേജ് മാനേജ്മെന്റിനും ഹോസ്റ്റല്‍ വാര്‍ഡനും അധ്യാപകര്‍ക്കും പങ്കുണ്ടെന്ന് മേഘശ്രീയുടെ അച്ഛന്‍ ഓംകാരയ്യ ആരോപിച്ചു രംഗത്തെത്തി. വൈകിയാണ് സംഭവം വീട്ടുകാരെ അറിയിച്ചത്. 4.5 ലക്ഷം രൂപ ഫീസ് അടച്ചാണ് കുട്ടിയെ കോളജില്‍ ചേര്‍ത്തത്. മരണവിവരത്തെ തുടര്‍ന്ന് കോളേജില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ കോളേജ് അധികൃതര്‍ തടഞ്ഞുവെന്നും ഓംകാരയ്യ പറഞ്ഞു. അധികൃതരുമായി നടത്തിയ വാക്കേറ്റത്തെ തുടര്‍ന്നാണ് ഒടുവില്‍ കോളജ് കാമ്പസിനുള്ളില്‍ കടക്കാന്‍ അനുവാദം നല്‍കിയത്. സംഭവത്തെ തുടര്‍ന്ന് ഡി.വൈഎസ്പി സുരേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് കോളജിലെത്തി.