മലപ്പുറം: കൊണ്ടോട്ടി കിഴിശേരിയില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു. കുഴിഞ്ഞൊളം സ്വദേശി വെള്ളാലില്‍ അബ്ദുറസാഖിന്റെ മകന്‍ സിനാന്‍ (17 ) ആണ് മരിച്ചത്. കാട്ടു പന്നി ശല്യം തടയാന്‍ സ്ഥാപിച്ച വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റതാണ് എന്നാണ് സൂചന. ഞായറാഴ്ച രാത്രി പത്ത് മണിക്കാണ് അപകടമുണ്ടായത്. സിനാനെ കിഴിശേരിയില്‍ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സിനാന് ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഷംനാദിനെ (17) പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചു. ഇരുവരും ഫുട്ബോള്‍ കളി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്പോള്‍ സിനാന്റെ വീട്ടില്‍നിന്ന് ഏകദേശം 500 മീറ്റര്‍ അകലെയുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്നാണ് ഷോക്കേറ്റത്. സിനാന്റെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
