യുവാവിനെ ഓട്ടോറിക്ഷ തടഞ്ഞ് നിർത്തി കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം പിഴയും ശിക്ഷ

കാസര്‍കോട്: യുവാവിനെ ഓട്ടോറിക്ഷ തടഞ്ഞ് കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പനത്തടി ചാമുണ്ഡിക്കുന്ന് ശിവപുരത്തെ കെ.എം ജോസഫിനാ(58)ണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ്(ഒന്ന്) കോടതി ജഡ്ജി എ മനോജ് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ അഞ്ചുവര്‍ഷം അധികതടവ് അനുഭവിക്കണം. വധശ്രമക്കേസില്‍ പ്രതിക്ക് അഞ്ചുവര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം അധികതടവ് അനുഭവിക്കണം.  2014 ജൂണ്‍ 25ന് രാത്രി 10 മണിയോടെ പനത്തടി ചാമുണ്ഡിക്കുന്നിലാണ് സംഭവം. ഓട്ടോയില്‍ യാത്ര ചെയ്യുകയായിരുന്ന അരുണ്‍മോഹന്‍ എന്ന ലാല്‍, ബിജു കെ.ജെ എന്നിവരെ ജോസഫ് ഓട്ടോ തടഞ്ഞുനിര്‍ത്തി കത്തികൊണ്ട് കുത്തി ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ആശുപത്രിയിലെത്തിച്ചപ്പോഴേക്കും അരുണ്‍മോഹന്‍ മരണപ്പെടുകയും ചെയ്‌തെന്നാണ് കേസ്. രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന കൊലപാതകക്കേസില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് വെള്ളരിക്കുണ്ട് ഇന്‍സ്‌പെക്ടറായിരുന്ന എം.കെ സുരേഷ്‌കുമാറാണ്. പ്രോസിക്യൂഷന് വേണ്ടി ഇ ലോഹിതാക്ഷന്‍ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page