പാര്‍ട്ടി വിലക്ക്‌ ലംഘിച്ച്‌ വീണ്ടും മുസ്ലീംലീഗ്‌, കോണ്‍ഗ്രസ്‌ നേതാക്കള്‍;പാണക്കാട്‌ തങ്ങളുടെ മരുമകനും  കോൺഗ്രസ്സ് നേതാവും നവകേരള സദസില്‍; നവ കേരള സദസിൽ പോയവർക്ക്   എതിരെ നടപടി എടുത്ത്  മുഖം രക്ഷിക്കാൻ ലീഗ്


മലപ്പുറം: പാര്‍ട്ടിയുടെയും മുന്നണിയുടെയും വിലക്ക്‌ മറികടന്ന്‌ കോണ്‍ഗ്രസ്‌, മുസ്ലീംലീഗ്‌ നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുന്ന നവകേരള സദസില്‍. മുസ്ലീംലീഗ്‌ മുൻ സംസ്ഥാന പ്രസിഡണ്ട്‌ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങളുടെ മരുമകന്‍ ഹസീബ്‌ തങ്ങള്‍, കോണ്‍ഗ്രസ്‌ നേതാവ്‌ സി.മൊയ്‌തീന്‍ എന്നിവരാണ്‌ തിരൂര്‍ മണ്ഡലം നവകേരള സദസിനു എത്തിയത്‌. പ്രഭാത യോഗത്തിലാണ്‌ ഇരുവരും പങ്കെടുത്തത്‌. തിരുനാവായ മുന്‍ ബ്ലോക്ക്‌ പ്രസിഡണ്ടാണ്‌ സി.മൊയ്‌തീന്‍. മുന്നണിയുടെ വിലക്ക്‌ നിലനില്‍ക്കുന്നതിനിടയില്‍ ഇരുവരും ഇന്നത്തെ നവകേരള സദസിന്റെ അനുബന്ധ പരിപാടിക്കെത്തിയത്‌ ഇരു പാര്‍ട്ടികളുടെയും നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്‌. കാസര്‍കോട്‌, കോഴിക്കോട്‌, ജില്ലകളിലെ നവകേരള സദസിനിടയില്‍ കോണ്‍ഗ്രസ്സ്‌, ലീഗ്‌ നേതാക്കള്‍ പങ്കെടുത്തിരുന്നു. അതിനുപിന്നാലെ ലീഗിന്റെയും യു.ഡി.എഫിന്റെയും ഏറ്റവും വലിയ ശക്തികേന്ദ്രമായ മലപ്പുറത്ത്‌ രണ്ടുപേരും പങ്കെടുത്തത്‌. നവകേരള സദസില്‍ ലീഗിന്റെ സാന്നിധ്യം വലിയ ചര്‍ച്ചയ്‌ക്ക്‌ ഇടയാക്കിയതിനു പിന്നാലെ മലപ്പുറത്ത്‌ ഇന്നുണ്ടായ സംഭവം വരും ദിവസങ്ങളില്‍ വലിയ ചര്‍ച്ചയ്‌ക്ക്‌ ഇടയാക്കുമെന്നാണ്‌ സൂചന. അതിനിടെ  പാർട്ടി നിർദ്ദേശം ലംഘിച്ച് നവകേരള സദസ്സിൽ പങ്കെടുത്ത കൊടുവള്ളി നിയോജകമണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി യു.കെ ഹുസൈൻ, കട്ടിപ്പാറ പഞ്ചായത്ത് പഴവണ വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് മൊയ്തു മിട്ടായി എന്നിവരെ മുസ്ലിംലീഗിൽ നിന്നും അന്വേഷണ വിധേയമായി  സസ്പെൻഡ് ചെയ്തതായി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്നും അറിയിച്ചു. രാവിലെയാണ് ലീഗ് നേതൃത്വം ഇക്കാര്യം അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page