അയൽവാസിയുടെ മാനസികോപദ്രവം: കുറിപ്പെഴുതി അഞ്ചംഗ കുടുംബം ആത്മഹത്യ ചെയ്‌തു

തുംകൂര്‍ (കര്‍ണാടക): കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ദമ്പതികളെയും മൂന്നു മക്കളെയുമാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കടബാധ്യതയും അയല്‍വാസികളുടെ പീഡനവും കാരണമാണ് ആത്മഹത്യ ചെയ്തതെന്നാണ് കുറിപ്പില്‍ പറയുന്നത്. തുംകൂര്‍ ജില്ലയിലെ സദാശിവനഗറില്‍ ഞായറാഴ്ചയായിരുന്നു സംഭവം. വ്യാപാരിയായ ഗരിബ് സാബ്(32), ഭാര്യ സുമയ്യ (30), മക്കളായ ഹാസിറ, മുഹമ്മദ് സുബാന്‍, മുഹമ്മദ് മുനീര്‍ എന്നിവരാണ് ആത്മഹത്യ ചെയ്തത്. ഷിറ താലൂക്കിലെ ലക്കനഹള്ളി സ്വദേശികളാണ് മരിച്ച കുടുംബമെന്ന് പൊലീസ് പറഞ്ഞു. താനും കുടുംബവും ജീവനൊടുക്കുന്നതായി ഗരിബ് മുത്തശ്ശിക്ക് കത്തെഴുതിയിരുന്നു. കത്തില്‍ തന്റെ കടത്തെക്കുറിച്ചും അയല്‍ക്കാര്‍ തന്നെയും കുടുംബത്തെയും ദ്രോഹിക്കുന്നതായും എഴുതിയിരുന്നു. അയല്‍വാസികളുടെ ശല്യം മൂലം ആത്മഹത്യ ചെയ്യുകയാണെന്നും ആഭ്യന്തരമന്ത്രി ഇവരെ നിയമപ്രകാരം ശിക്ഷിക്കണമെന്നും കത്തില്‍ പറയുന്നുണ്ട്. അയല്‍വാസിയായ കലന്തറിന് കടം വാങ്ങിയ വകയില്‍ ഒന്നര ലക്ഷം രൂപ നല്‍കാനുണ്ട്. ഇതിന്റെ പേരില്‍ വര്‍ഷങ്ങളായി കുടുംബത്തെ ദ്രോഹിച്ചു വരികയാണ്. ഗരീബ് മരണത്തിനു മുമ്പ് കാര്യങ്ങള്‍ വിശദമാക്കി വീഡിയോ ചിത്രീകരിച്ചിരുന്നു. ആത്മഹത്യക്ക് ഉത്തരവാദികളായവര്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്നും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യരുതെന്നും ഗരിബ് ബന്ധുക്കള്‍ക്കയച്ച വീഡിയോവില്‍ പറയുന്നു. ഇവരുടെ ആത്മഹത്യ വിവരം അറിഞ്ഞ ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തി പരിശോധന നടത്തിതായി തുംകൂര്‍ എസ്പി അശോക് കെവി പറഞ്ഞു.
ഗരിബ് ബന്ധുക്കള്‍ക്കയച്ച വീഡിയോ സന്ദേശം പരിശോധിക്കുമെന്നും ലഭിച്ച പരാതിയുടെയും വീഡിയോയുടെയും അടിസ്ഥാനത്തില്‍ എത്രയും പെട്ടന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും എസ്പി അശോക് പറഞ്ഞു. മക്കളുടെ പഠനത്തിനായാണ് ഗരിബ് സാബ് തുംകുരുവില്‍ താമസിച്ചിരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page