മംഗളൂരു: ഒന്നരകോടിയോളം വിലമതിക്കുന്ന തിമിംഗലഛര്‍ദ്ദിയുമായി മൂന്ന് പേരെ സിറ്റി ക്രൈംബ്രാഞ്ച് (സിസിബി) പൊലീസ് അറസ്റ്റ് ചെയ്തു. വിട്ടലില്‍ താമസിക്കുന്ന ചിക്കമംഗളൂരു സ്വദേശി പ്യാരേജന്‍ (37), വിട്ടല്‍ സ്വദേശി ബദറുദ്ദീന്‍ (28), തമിഴ്നാട് സ്വദേശി രാജേഷ് ആര്‍ (22) എന്നിവരാണ് അറസ്റ്റിലായത്.
ശനിയാഴ്ച വൈകീട്ട് പമ്പ് വെല്ലിന് സമീപമാണ് പ്രതികളെ പിടികൂടിയത്. കാറിലെത്തിയ നാല് പേര്‍ തിമിംഗലഛര്‍ദ്ദി വില്‍ക്കാന്‍ ശ്രമിക്കുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്നാണ് പൊലീസ് പമ്പ് വെല്ലിലെത്തിയത്. വാഹന പരിശോധനക്കിടേയാണ് സംഘം കുടുങ്ങിയത്. കാറില്‍ നിന്ന് 1,57,50,000 രൂപ വിലമതിക്കുന്ന 1.575 കിലോഗ്രാം ഭാരമുള്ള തിമിംഗലഛര്‍ദ്ദി പിടിച്ചെടുത്തു. കൂടാതെ പ്രതികളില്‍ നിന്ന് മൂന്ന് മൊബൈല്‍ ഫോണുകളും സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത സാധനങ്ങളുടെ ആകെ മൂല്യം 1,62,80,000 രൂപയാണ്. പൊലീസ് കമ്മീഷണര്‍ അനുപം അഗര്‍വാളിന്റെ നിര്‍ദേശത്തില്‍ ഡിസിപിമാരായ സിദ്ധാര്‍ത്ഥ് ഗോയല്‍, ദിനേശ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
