ഉത്തര മോഡല്‍ കൊലപാതകം ഒഡിഷയിലും; ഭാര്യയെയും രണ്ടര വയസ്സുള്ള മകളെയും പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി

ഭുവനേശ്വര്‍: ഒഡിഷയിലും ഉത്തര മോഡല്‍ കൊലപാതകം. ഭാര്യയെയും രണ്ടര വയസ്സുള്ള മകളെയും പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 25 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഗണേശ് പത്ര എന്നയാളാണ് അറസ്റ്റിലായത്. ഭാര്യ ബസന്തി പത്ര(23), മകള്‍ ദേബസ്മിത എന്നിവരെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ഒക്ടോബര്‍ ഏഴിനാണ് ഗഞ്ചം ജില്ലയിലെ കബിസൂര്യ നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അധേഗാവില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത്. പിന്നീട് ബസന്തിയുടെ പിതാവ് ഖല്ലി പത്ര തന്റെ മകളെയും പേരക്കുട്ടിയെയും വിഷപ്പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയെന്ന് ആരോപിച്ച് മരുമകനെതിരെ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് കൊലപാതകത്തിന് കേസെടുത്തതെന്ന് ഗഞ്ചം എസ്പി ജഗ്മോഹന്‍ മീണ പറഞ്ഞു. സംസ്ഥാനത്തിന് പുറത്തുള്ള ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു പത്രയെന്ന് പൊലീസ് പറഞ്ഞു. പാമ്പ് ഇരുവരെയും കടിച്ച പാടിലാണ് സംശയം ഉയര്‍ന്നത്. യുവതിയുടെയും മകളുടെയും ഒരേ സ്ഥലത്താണ് (വലത് കാലിന്റെ കണങ്കാല്‍ എല്ലിന് തൊട്ടുമുകളില്‍) പാമ്പുകടിയേറ്റത്. രണ്ടുപേരെയും കടിച്ചതിന് ശേഷവും പാമ്പ് പുറത്തേക്ക് പോകാറാണ് പതിവ്. എന്നാല്‍ അതേ മുറിയില്‍ തുടരുന്നത് അസാധാരണമാണെന്ന് പാമ്പ് വിദഗ്ധര്‍ പൊലീസിനെ അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഗണേശ് പുതിയ സിം കാര്‍ഡ് എടുത്താണ് പാമ്പ് പിടുത്തക്കാരനെ വിളിച്ചത്. ഒക്ടോബര്‍ ആറിന് പോളസരയിലെ ഒരു പാമ്പു പിടുത്തക്കാരനില്‍ നിന്ന് തനിക്ക് വീട്ടില്‍ ഒരു ചടങ്ങ് നടത്തണമെന്ന് ആവശ്യപ്പെട്ട് പത്ര പാമ്പിനെ വാങ്ങുകയായിരുന്നു. പാമ്പിനെ വീട്ടിലെത്തിച്ച ശേഷം ഭാര്യയും മകളും ഉറങ്ങുന്ന മുറിയില്‍ വിട്ടു. പിന്നീട് പാമ്പിനെ കൊണ്ട് കടിപ്പിച്ചുകൊന്നു. പാമ്പിനെ കണ്ടെത്തി അടിച്ചു കൊന്നുവെന്നായിരുന്നു പത്രയുടെ വാദം. സംഭവം നടന്ന് ഒരു മാസത്തിലേറെയായത് തെളിവുകള്‍ ശേഖരിക്കുന്നതിന് ബുദ്ധിമുട്ടാണെന്ന് പൊലീസ് അറിയിച്ചു. പ്രതി കുറ്റം സമ്മതിച്ചെന്നും പൊലീസ് പറഞ്ഞു.
സംഭവത്തില്‍ പാമ്പ് പിടുത്തക്കാരന്റെ പങ്കിനെ കുറിച്ചും അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. കേസില്‍ മറ്റുള്ളവര്‍ക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയായിരുന്നു. വളരെ അപൂര്‍വമായ കുറ്റകൃത്യമെന്നാണ് പൊലീസ് വിശേഷിപ്പിക്കുന്നത്. 2020 ല്‍, കൊല്ലത്ത് സമാനമായ സംഭവമുണ്ടായി.
പാമ്പ് കടിയേറ്റ് മരിച്ചാല്‍ സര്‍ക്കാര്‍ നഷ്ടപരിഹാരമായി നല്‍കുന്ന എട്ട് ലക്ഷം രൂപ ലഭിക്കുന്നതിന് വേണ്ടിയാണ് ഇയാള്‍ ഭാര്യയെയും മകളെയും കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. കുടുംബപ്രശ്‌നവും കൊലപാതകത്തിന് കാരണമായെന്ന് പൊലീസ് വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page