കണ്ണൂര്‍: കണ്ണൂരിലെ ഹോട്ടലില്‍ വന്‍ മയക്കുമരുന്നുവേട്ട.ഗായികയും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ യുവതിയും ഹോട്ടലുടമയും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. പ്രതികളില്‍ നിന്നു 112 ഗ്രാം എം.ഡി.എം.എ, 111 ഗ്രാം ഹാഷിഷ് ഓയില്‍,മൂന്നു മൊബൈല്‍ ഫോണുകള്‍, മയക്കുമരുന്നു കൈമാറാനുള്ള കുപ്പികള്‍, കവറുകള്‍ എന്നിവ പിടികൂടി.കണ്ണൂര്‍, തളാപ്പ് ജോണ്‍സണ്‍മില്‍ റോഡിലെ മലബാര്‍ ഹോട്ടല്‍ ഉടമ കണ്ണൂര്‍ പുതിയ തെരുവിലെ യാസിര്‍ (30), ഇയാളുടെ സഹോദരന്‍ പി.എ.റിസ്‌വാന്‍ (22), ഗായികയും മേക്കപ്പ് ആര്‍ട്ടിസ്റ്റും കണ്ണൂര്‍ മറക്കാര്‍ക്കണ്ടി, പടിഞ്ഞാറെ വീട്ടിലെ അപര്‍ണ്ണ അനീഷ്.കെ (23), കണ്ണൂര്‍സിറ്റി തയ്യില്‍, മൈതാനപ്പള്ളിയിലെ ടി.പി.ദില്‍ഷാദ് (33) എന്നിവരെയാണ് കണ്ണൂര്‍ സിറ്റി പൊലീസ് എസ്.ഐ പി.പി.ഷമിലും സംഘവും അറസ്റ്റു ചെയ്‌തത്.
മലബാര്‍ ഹോട്ടല്‍ ഉടമയായ യാസിറിനെയും അപര്‍ണ്ണയെയും ഒരു ഹോട്ടലില്‍ വച്ചാണ് പിടികൂടിയത്. ഹോട്ടല്‍മുറി കേന്ദ്രീകരിച്ച് മയക്കുമരുന്നു ഇടപാട് നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് റെയ്‌ഡ് നടത്തിയത്. ഇവരില്‍ നിന്നു 1.05 ഗ്രാം എംഡി.എം.എ കണ്ടെടുത്തു. വിശദമായി ചോദ്യം ചെയ്‌തപ്പോഴാണ് യാസിറിന്റെ ഉടമസ്ഥതയിലുള്ള മലബാര്‍ ഹോട്ടലില്‍ കൂടുതല്‍ അളവില്‍ മയക്കുമരുന്ന് സൂക്ഷിച്ചിട്ടുള്ളതായുള്ള വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ റെയ്‌ഡിലാണ് യാസിറിന്റെ സഹോദരനെയും കൂട്ടാളിയായ ദില്‍ഷാദിനെയും അറസ്റ്റു ചെയ്‌തത്. കല്യാണ വീടുകളിലും മറ്റും ഭക്ഷണം പാര്‍സലായി എത്തിക്കുന്ന ആളാണ് യാസിര്‍. ഈ സമയത്താണ് പാട്ടുപാടാനും മേക്കപ്പിട്ടു കൊടുക്കാനും എത്തുന്ന അപര്‍ണ്ണയെ യാസിര്‍ പരിചയപ്പെട്ടത്. സമ്പന്ന കുടുംബാംഗമാണ് അപര്‍ണ്ണയെന്നു മനസ്സിലാക്കിയ യാസിര്‍ യുവതിയെ കൂടെ കൂട്ടുകയും കല്യാണ വീടുകളിലെ എല്ലാ കാര്യങ്ങളും മൊത്തമായി കരാര്‍ എടുക്കുന്ന രീതിയിലേയ്‌ക്ക് മാറി. ഇതിനു ശേഷമാണ് മയക്കുമരുന്നു വിതരണ രംഗത്തേയ്‌ക്ക് സജീവമായതെന്നു പൊലീസ് പറഞ്ഞു.
അപര്‍ണ്ണ മയക്കുമരുന്ന് റാക്കറ്റിന്റെ ഇരയായ കാര്യം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. അതിനാല്‍ കല്യാണ വീടുകളില്‍ പാട്ടുപാടാന്‍ പോകുന്നതിനെ എതിര്‍ത്തിരുന്നില്ലെന്നും പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമാക്കി.അറസ്റ്റിലായ സംഘത്തെ വിശദമായി ചോദ്യം ചെയ്യുന്നതോടെ കണ്ണൂര്‍ കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്നു മാഫിയാ സംഘത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
