കാസര്‍കോട്: വിവാദങ്ങള്‍ക്കിടെ ചെറുവത്തൂരില്‍ ബീവറേജ് ഔട്ട്‌ലെറ്റ് തുറന്നു. റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ വ്യാപാര ഭവന് എതിര്‍വശത്തുള്ള സ്വകാര്യ വ്യക്തിയുടെകെട്ടിടത്തിലാണ് ഔട്ട്‌ലെറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. അതേസമയം ഇന്ന് രാവിലെ ഔട്ട്‌ലെറ്റ് തുറന്നപ്പോള്‍ മാത്രമാണ് നാട്ടുകാരും സമരക്കാരും വിവരമറിഞ്ഞത്. മദ്യശാല ആരംഭിക്കാനുള്ള നീക്കം മുമ്പ് നാട്ടുകാരുടെയും സി.പി.എം പ്രവര്‍ത്തകരുടെയും എതിര്‍പ്പുമൂലം നടക്കാതെ പോവുകയായിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായി മദ്യശാല തുറന്നത്. മദ്യശാലയ്ക്ക് വേണ്ടിള്ള സൗകര്യങ്ങള്‍ ഒരുക്കുമ്പോള്‍ തന്നെ ജനകീയസമിതിയുടെ നേതൃത്വത്തില്‍ ബാനറുകള്‍ ഉയര്‍ന്നിരുന്നു. നാട്ടുകാരുടെ ആശങ്ക അകറ്റി ദോഷം ചെയ്യാത്ത ഇടങ്ങളില്‍ സ്ഥാപങ്ങള്‍ പ്രവര്‍ത്തിക്കുന്നതാണ് ഉചിതമെന്ന് നേരത്തെ സി.പി.എം ലോക്കല്‍ സെക്രട്ടറി കൊക്കോട്ട് നാരായണന്‍ പറഞ്ഞിരുന്നു. അതിനിടെ ബാര്‍ ഉടമയില്‍ നിന്ന് ചില പാര്‍ടി അംഗങ്ങള്‍ പണം കൈപ്പറ്റിയതായും ആരോപണമുയര്‍ന്നിരുന്നു. അരലക്ഷം രൂപ സംഭാവന സ്വീകരിച്ചത് സി.പി.എം. ചെറുവത്തൂര്‍ ലോക്കല്‍ നേതൃത്വത്തെ സംശയത്തിന്റെ നിഴലിലാക്കിയിരുന്നു. തുറന്ന വിവരമറിഞ്ഞ് പ്രതിഷേധവുമായി ജനകീയ സമിതി പരിസരത്ത് എത്തിയിരുന്നു.
