കാസർകോട്: മാതാവിനൊപ്പം ഡോക്ടറെ കാണാന്‍ എത്തിയ പെണ്‍കുട്ടിയെ ലിഫ്റ്റിനകത്തു പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയുടെ ചിത്രം ലഭിച്ചു. ആശുപത്രിയിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. അന്വേഷണത്തിന്റെ ഭാഗമായി സി സി ടി വിയുടെ ഹാര്‍ഡ് ഡിസ്ക് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മിനിഞ്ഞാന്നു വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. മാതാവിനൊപ്പം ആശുപത്രിയിലെത്തിയതായിരുന്നു പത്തു വയസ്സുള്ള പെണ്‍കുട്ടി. ഡോക്ടറെ കണ്ട ശേഷം മരുന്നു വാങ്ങിക്കുവാന്‍ പോയതായിരുന്നു മാതാവ്. ഇതിനിടയില്‍ സ്ഥലത്തെത്തിയ ഒരാള്‍ പെണ്‍കുട്ടിയെ സമീപിക്കുകയും ലിഫ്റ്റ് കാണിച്ചു തരാമെന്നു പറഞ്ഞ് കൂട്ടികൊണ്ടുപോവുകയും ലിഫ്റ്റിനകത്തു വച്ച് പീഡിപ്പിക്കുവാന്‍ ശ്രമിക്കുകയുമായിരുന്നുവെന്നാണ് പൊലീസ് കേസ്. മാതാവ് മരുന്നു വാങ്ങി തിരിച്ചെത്തിയപ്പോഴാണ് മകളെ കാണാതായ കാര്യം അറിഞ്ഞത്. അന്വേഷിക്കുന്നതിനിടയില്‍ പെണ്‍കുട്ടിയെ ലിഫ്റ്റിനു സമീപത്തു കണ്ടെത്തി. എവിടെ പോയതാണെന്നു അന്വേഷിച്ചപ്പോഴാണ് പെണ്‍കുട്ടി തനിക്കുണ്ടായ ദുരനുഭവം വ്യക്തമാക്കിയത്.
ഉടന്‍ തന്നെ ആശുപത്രി അധികൃതരുടെ സഹായത്തോടെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പ്രതിയെ തിരിച്ചറിയുന്നതിനു വ്യാപകമായ അന്വേഷണം നടത്തിവരികയാണ് പൊലീസ്.
![](https://mlozaudj56ft.i.optimole.com/w:1373/h:773/q:mauto/f:best/https://malayalam.karavaldaily.com/wp-content/uploads/2024/07/asfhdba65454.jpg)