കാസർകോട്ട്: നവകേരള സദസിനു മുന്നോടിയായുള്ള വീട്ടുമുറ്റം പരിപാടിയില്‍ പങ്കെടുത്തില്ലെന്നു ആരോപിച്ച് തൊഴിലുറപ്പ് തൊഴിലാളിയായ വൃദ്ധനെ സി പി എം നേതാവ് മര്‍ദ്ദിച്ചതായി പരാതി. പനത്തടി ചാമുണ്ഡിക്കുന്നിലെ ഗോപാല കൃഷ്‌ണന്‍ (72) ആണ് ആക്രമത്തിനു ഇരയായത്. ഗോപാല കൃഷ്‌ണന്‍ ഓട്ടമല സ്വദേശിയും സി പി എം ചാമുണ്ഡിക്കുന്ന് ലോക്കല്‍ കമ്മിറ്റി അംഗവുമായ എം ബാലകൃഷ്‌ണനെതിരെ രാജപുരം പൊലീസില്‍ പരാതി നല്‍കി.
ബുധനാഴ്ച വൈകുന്നേരം 4.30ന് ഓട്ടമലയില്‍ നടന്ന വീട്ടുമുറ്റം പരിപാടിയില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ പങ്കെടുക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നതായി പറയുന്നു. എന്നാല്‍ ഭൂരിഭാഗം തൊഴിലാളികളും പങ്കെടുത്തില്ല. ഇതേ തുടര്‍ന്ന് തൊഴിലുറപ്പ് പണി സൈറ്റില്‍ എത്തിയ ബാലകൃഷ്‌ണന്‍ അസഭ്യം പറയുകയും റോഡില്‍ കൂടി നടക്കാന്‍ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു.ഇന്നലെ രാവിലെ ഓട്ടമലത്തട്ടില്‍ പാല്‍ അളക്കാന്‍ പോയപ്പോള്‍ ബാലകൃഷ്‌ണന്‍ തടഞ്ഞു നിര്‍ത്തി വിറക് കമ്പ് കൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയും ഈ സമയത്ത് പാലുമായി തങ്കമണി, രമാദേവി എന്നിവരെത്തിയതു കൊണ്ടുമാത്രമാണ് രക്ഷപ്പെട്ടതെന്നും ഗോപാലകൃഷ്‌ണന്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.
