കണ്ണൂരില്‍ കര്‍ഷകന്‍ ജീവനൊടുക്കിയത് മുഖ്യമന്ത്രിക്ക് നല്‍കാന്‍ സങ്കടഹര്‍ജി തയാറാക്കിയ ശേഷം

കണ്ണൂര്‍: വന്യമൃഗശല്യം മൂലം രണ്ടേക്കര്‍ സ്ഥലവും വീടും ഉപേക്ഷിച്ച് വാടക വീട്ടിലേക്കു താമസം മാറിയ കര്‍ഷകന്‍ ജീവനൊടുക്കിയത് മുഖ്യമന്ത്രിക്ക് നല്‍കാന്‍ സങ്കടഹര്‍ജി തയാറാക്കിയ ശേഷം. അയ്യന്‍കുന്ന് പഞ്ചായത്തിലെ പാലത്തിന്‍ കടവ് മുടിക്കയത്ത് നടുവത്ത് സുബ്രഹ്‌മണ്യന്‍ (71) ആണ് തന്റെ ദുരിതാവസ്ഥ വിവരിക്കുന്ന നിവേദനം തയാറാക്കിയത്. പേരാവൂരില്‍ നവകേരള സദസിനെത്തുന്ന മുഖ്യമന്ത്രിക്ക് നല്‍കാനായിരുന്നു സങ്കടഹര്‍ജി. എന്നാല്‍ ഇതു സമര്‍പ്പിക്കും മുമ്പേ അദ്ദേഹം മരിക്കുകയായിരുന്നു. ജീവിതം വഴിമുട്ടിയെന്നും സഹായത്തിന് മുഖ്യമന്ത്രിയുടെ ഇടപെടല്‍ വേണമെന്നും നിവേദനം ഹര്‍ജിയിലുണ്ടയിരുന്നു. രണ്ടരയേക്കര്‍ ഭൂമിയുള്ളതിനാല്‍ ലൈഫ് പദ്ധതിയിലും പരിഗണിക്കപ്പെടാത്തതിന്റെ സങ്കടം സുബ്രഹ്‌മണ്യനുണ്ടായിരുന്നു. കുടുംബത്തിന് കഞ്ഞികുടിച്ചു ജീവിക്കാന്‍ ബിപിഎല്‍ കാര്‍ഡിന് അപേക്ഷിച്ചുവെങ്കിലും അതും സാങ്കേതികകാരണം പറഞ്ഞു നിരസിക്കപ്പെട്ടു. ഒടുവില്‍ ആകെയുണ്ടായിരുന്ന ആശ്വാസമായ വാര്‍ധക്യകാല പെന്‍ഷനും മൂന്ന് മാസമായി മുടങ്ങിയിരിക്കുകയാണ്. കാന്‍സര്‍ രോഗബാധിതനായിരുന്ന സുബ്രഹ്‌മണ്യന്‍ വാടകവീടിന്റെ പറമ്പിലെ മരക്കൊമ്പില്‍ തൂങ്ങിമരിക്കുകയായിരുന്നു. വന്യമൃഗശല്യത്തെത്തുടര്‍ന്ന് സുബ്രഹ്‌മണ്യനും ഭാര്യ കനകമ്മയും രണ്ടര വര്‍ഷമായി നാട്ടുകാര്‍ ഏര്‍പ്പാടാക്കിയ വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്. സുബ്രഹ്‌മണ്യന്റെ സാഹചര്യം മനസിലാക്കിയ വീട്ടുടമ വാടക വാങ്ങിയിരുന്നില്ല. ഈ വീട് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി മാറേണ്ടി വരുന്നതിനാല്‍ മറ്റൊരു വീട് നാട്ടുകാര്‍ ഏര്‍പ്പാടാക്കിയിരുന്നു. ഇതിനിടെയാണ് സുബ്രഹ്‌മണ്യന്‍ മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. കനകമ്മ തൊഴിലുറപ്പുജോലിക്ക് പോയ സമയത്താണ് മരണം. മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചത് സുഹൃത്തിന്റെ വീട്ടിലാണ്. വ്യാഴാഴ്ച വൈകുന്നേരം മുണ്ടയാംപറമ്പ് പൊതുശ്മശാനത്തില്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കാരം നടന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page