ലോകകപ്പ് യോഗ്യതാ മത്സരം;ലോക ചാമ്പ്യന്മാരായ അർജൻ്റീനക്കും, ബ്രസീലിനും തോൽവി: ഏഷ്യൻ യോഗ്യതാ റൗണ്ടിൽ ഇന്ത്യക്ക് ജയം

വെബ് ഡെസ്ക്: ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളില്‍ നിലവിലെ ചാമ്പ്യൻന്മാരായ അര്‍ജന്‍റീനക്കും മുന്‍ ചാമ്പ്യൻന്മാരായ ബ്രസീലിനും  തോല്‍വി.ലാറ്റിനമേരിക്കന്‍ യോഗ്യതാ ഗ്രൂപ്പില്‍ മുന്‍ ചാമ്പ്യൻമാരായ യുറുഗ്വേയാണ്  അര്‍ജന്‍റീനയെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തിയത്. റൊണാള്‍ഡ് അറൗജോയും ഡാര്‍വിന്‍ ന്യൂനസുമാണ് യുറുഗ്വോയുടെ ഗോളുകള്‍നേടിയത്. 41-ാ മിനിറ്റില്‍ അറൗജോയിലൂടെ ലീഡെടുത്ത യുറുഗ്വേ 87-ാം മിനിറ്റില്‍ ന്യൂനസിന്‍റെ ഗോളിലൂടെ ജയം ഉറപ്പിച്ചു.ഡിസംബറില്‍ ലോകകപ്പ് നേടിയശേഷം അര്‍ജന്‍റീനയുടെ ആദ്യ തോല്‍വിയാണിത്. ലോകകപ്പ് ആദ്യ റൗണ്ടില്‍ സൗദി അറേബ്യയോടാണ് ഇതിന് മുമ്പ് അര്‍ജന്‍റീന അവസാനമായി തോല്‍വി അറിഞ്ഞത്. മത്സരത്തില്‍ ഒരു ഗോളിന് പിന്നില്‍ നില്‍ക്കെ 57ാം മിനിറ്റില്‍ നായകൻ ലിയോണല്‍ മെസിയെടുത്ത ഫ്രീ കിക്ക് യുറുഗ്വേന്‍ പോസ്റ്റില്‍ തട്ടി മടങ്ങിയത് അര്‍ജന്‍റീനയുടെ നിര്‍ഭാഗ്യമായി.തോറ്റെങ്കിലും ലാറ്റിനമേരിക്കല്‍ യോഗ്യതാ റൗണ്ടില്‍ അഞ്ച് മത്സരങ്ങളില്‍ 10 പോയന്‍റുമായി അര്‍ജന്‍റീന തന്നെയാണ് മുന്നില്‍. യുറുഗ്വേക്കും 10 പോയന്‍റുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ രണ്ടാമതാണ്.  കൊളംബിയ മൂന്നാമതും എട്ട് പോയന്‍റുള്ള വെനസ്വേല നാലാമതുമാണ്. മറ്റൊരു പോരാട്ടത്തില്‍ മുന്‍ ചാമ്പ്യൻമാരായ  ബ്രസീലും പരാജയം രുചിച്ചു. കൊളംബിയ ആണ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബ്രസീലിനെ വീഴ്ത്തിയത്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബ്രസീലിന്‍റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. നാലാം മിനിറ്റില്‍ ലീഡെടുത്തശേഷമാണ് രണ്ട് ഗോള്‍ വഴങ്ങി ബ്രസീല്‍ തോല്‍വി വഴങ്ങിയത്. ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയാണ് ബ്രീസിലിന് തുടക്കത്തിലെ ലീഡ് സമ്മാനിച്ചത്. ആദ്യ പകുതിയില്‍ ഒരു ഗോള്‍ ലീഡുമായി മടങ്ങിയ ബ്രസീലിനെ 75ാം മിനിറ്റില്‍ ലൂയിസ് ഡയസിന്‍റെ ഗോളിലൂടെ സമനിലയില്‍ തളച്ച കൊളംബിയ നാല് മിനിറ്റിനകം ഡയസിലൂടെ തന്നെ ലീഡെടുത്ത് മുന്നിലെത്തി. സമനില ഗോളിനായുള്ള ബ്രസീലിന്‍റെ ശ്രമങ്ങളെല്ലാം പാഴായപ്പോള്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വിയറിഞ്ഞു മുൻ ചാമ്പ്യന്മാർ. അതിനിടെ ഏഷ്യന്‍ യോഗ്യതാ റൗണ്ടില്‍ ഇന്നലെ രാത്രി നടന്ന മത്സരത്തില്‍ കുവൈത്തിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്ത് ഇന്ത്യ ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളിലെ ആദ്യ ജയം സ്വന്തമാക്കി.എഴുപത്തിയഞ്ചാം മിനിറ്റില്‍ മൻവീര്‍ സിംഗാണ് ഇന്ത്യയെ രക്ഷിച്ച ഗോള്‍ നേടിയത്. ചാംഗ്തേയുടെ പാസില്‍ നിന്നായിരുന്നു മൻവീറിന്റെ ഗോള്‍. ഗ്രൂപ്പ് എയില്‍ മൂന്ന് പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ചൊവ്വാഴ്ച ഗ്രൂപ്പിലെ കരുത്തരായ ഖത്തറിന് എതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page