മംഗളൂരു: ഉഡുപ്പി കൂട്ടക്കൊല കേസിലെ പ്രതിയെ മഹത്വവത്കരിച്ച് വിദ്വേഷ പരാമര്‍ശം. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിനെതിരെ കേസെടുത്ത് പൊലീസ്. ഉഡുപ്പി സൈബര്‍ പൊലീസാണ് ഹിന്ദുമന്ത്ര എന്ന അക്കൗണ്ട് ഉടമയുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ’15 മിനിറ്റ് കൊണ്ട് നാല് മുസ്ലിങ്ങളെ കൊലപ്പെടുത്തി ലോക റെക്കോര്‍ഡ്’ എന്ന് തുളു ഭാഷയില്‍ രേഖപ്പെടുത്തിയാണ് പ്രവീണിന്റെ ഫോട്ടോ ഈ അക്കൗണ്ടിലൂടെ പ്രചരിച്ചതെന്നും പൊലീസ് അറിയിച്ചു. മുന്‍പും നിരവധി തരത്തിലുള്ള വിദ്വേഷപ്രചരണങ്ങളാണ് ഈ അക്കൗണ്ടിലൂടെ പ്രചരിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കേസിലെ പ്രതിയായ പ്രവീണിന്റെ തലയില്‍ കിരീടത്തിന്റെ രൂപം എഡിറ്റ് ചെയ്ത് വച്ചു കൊണ്ട് വിദ്വേഷപ്രചരണമാണ് അക്കൗണ്ടിലൂടെ നടത്തിയതെന്ന് ഉഡുപ്പി എസ്പി അരുണ്‍ കുമാര്‍ പറഞ്ഞു.
അതേസമയം, കേസിന്റെ തെളിവെടുപ്പിനിടെ സംഭവസ്ഥലത്തെത്തിച്ച പ്രവീണിനെതിരെ ശക്തമായ പ്രതിഷേധമാണ് നാട്ടുകാര്‍ ഉയര്‍ത്തിയത്. വ്യാഴാഴ്ച തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് സംഘടിച്ചെത്തിയ നാട്ടുകാര്‍ പ്രവീണിനെ അക്രമിക്കാനൊരുങ്ങിയത്. ‘കൂട്ടക്കൊല നടത്താന്‍ അവനെടുത്തത് 15 മിനിറ്റ്, ഞങ്ങള്‍ക്ക് 30 സെക്കന്റ് നല്‍കൂ’യെന്ന് ആക്രോശിച്ച് കൊണ്ടാണ് പ്രവീണിന് നേരെ നാട്ടുകാര്‍ പാഞ്ഞടുത്തത്. പ്രദേശത്ത് നിന്ന് നാട്ടുകാരെ ഒഴിപ്പിച്ച ശേഷമാണ് തെളിവെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കി പൊലീസ് സംഘം മടങ്ങിയത്. ബുധനാഴ്ചയാണ് പ്രവീണിനെ ഉഡുപ്പി കോടതി 14 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. പ്രവാസിയായ നൂര്‍ മുഹമ്മദിന്റെ ഭാര്യ ഹസീന(46), മക്കളായ അഫ്‌നാന്‍(23), അയനാസ്(20), അസീം(14) എന്നിവരാണ് സ്വന്തം വീടിനുള്ളില്‍ അതിക്രൂരമായി കൊല്ലപ്പെട്ടത്. പ്രവീണിന്റെ ആക്രമണത്തില്‍ നൂര്‍ മുഹമ്മദിന്റെ മാതാവ് ഹാജറിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.
