മയക്കുമരുന്നു റാക്കറ്റ്‌ അടിമയാക്കിയ പെണ്‍കുട്ടി ഗുരുതര നിലയില്‍; ദമ്പതികളെ തെരയുന്നു

കണ്ണൂര്‍: സിന്തറ്റിക്‌ മയക്കുമരുന്നിന്റെ ഇരയായ പെണ്‍കുട്ടി അതീവ ഗുരുതര നിലയില്‍. എടക്കാട്‌ പൊലീസ്‌ സ്റ്റേഷന്‍ പരിധിയിലെ ഒരു വാടക കെട്ടിടത്തില്‍ താമസിക്കുന്ന 17കാരിയാണ്‌ മാനസികമായും ശാരീരികമായും തകര്‍ന്ന നിലയില്‍ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്‌. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അയൽവാസികളായ ദമ്പതികള്‍ക്കെതിരെ എടക്കാട്‌ പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. സല്‍നിത്ത്‌, വിജിന എന്നിവര്‍ക്കെതിരെയാണ്‌ കേസ്‌. ഒളിവില്‍ പോയ ഇരുവര്‍ക്കുമായി പൊലീസ്‌ അന്വേഷണം ആരംഭിച്ചു.ദമ്പതികളാണെന്ന വ്യാജേനയാണ്‌ ഇരുവരും പെണ്‍കുട്ടി താമസിക്കുന്ന സ്ഥലത്തിനു സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസത്തിനു എത്തിയത്‌. അതിനുശേഷം പെണ്‍കുട്ടിയുമായി വലിയ അടുപ്പം സ്ഥാപിച്ചു. പീന്നീട്‌ മയക്കുമരുന്നും മദ്യവും നല്‍കി ഇരുവരും പെണ്‍കുട്ടിയെ വശത്താക്കി. മയക്കുമരുന്നു വിതരണത്തിന്റെ ഏജന്റാക്കുകയായിരുന്നു ലക്ഷ്യം.ഇതിനിടയില്‍ പഠനത്തിൽ  പിന്നോട്ടുപോയ പെണ്‍കുട്ടിയുടെ പെരുമാറ്റത്തിലും   മാറ്റം ഉണ്ടായി. ഇതിന് വൈദ്യ സഹായം തേടിപ്പോയപ്പോഴാണ്‌ പെണ്‍കുട്ടി മയക്കുമരുന്നിനു അടിമയായ കാര്യം അറിഞ്ഞത്‌. വീട്ടുകാര്‍ പൊലീസിനെ സമീപിക്കുവാന്‍ സാധ്യതയുണ്ടെന്നു മനസ്സിലാക്കിയതോടെ യുവതീ യുവാക്കള്‍ സ്ഥലം വിടുകയായിരുന്നു. നേരത്തെ മറ്റു വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ട ഇരുവരും ആ ബന്ധങ്ങള്‍ ഒഴിഞ്ഞാണ്‌ ഒന്നിച്ചു താമസിക്കുവാന്‍ തുടങ്ങിയത്. ഒളിവില്‍ പോയ ഇരുവരെയും കണ്ടെത്താന്‍ എടക്കാട് പൊലീസ്‌ ഇന്‍സ്‌പെക്‌ടര്‍ സുരേന്ദ്രന്‍ കല്യാടിന്റെ നേതൃത്വത്തില്‍ അന്വേഷണം വ്യാപകമാക്കി.ഇവരെ കണ്ടെത്താന്‍ കഴിയുന്നതോടെ കണ്ണൂര്‍, കാസര്‍കോട്‌ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന മയക്കുമരുന്നു മാഫിയാ സംഘത്തിലെ പ്രധാന കണ്ണികളെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്‌ പൊലീസ്‌.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page