ഉള്ളടക്കം ഉണ്ടാക്കാൻ എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ടുണ്ടോ? എങ്കിൽ അക്കാര്യം വെളിപ്പെടുത്തണം; പുതിയ നിർദേശങ്ങളുമായി യൂ ട്യൂബ്
വെബ് ഡെസ്ക്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങള്‍ അവതരിപ്പിച്ച് യൂട്യൂബ്. ഇതനുസരിച്ച്, വീഡിയോകള്‍ നിര്‍മിക്കുന്നതിനായി ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്ന് ക്രിയേറ്റര്‍മാര്‍ വെളിപ്പെടുത്തണം.വീഡിയോയില്‍ എഐ ടൂളുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്താത്ത ക്രിയേറ്റര്‍മാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്ന് യൂട്യൂബ് പുറത്തിറക്കിയ ബ്ലോഗ്പോസ്റ്റില്‍ വ്യക്തമാക്കുന്നു. അങ്ങനെയുള്ള ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുകയും യൂട്യൂബിന്റെ റെവന്യൂ ഷെയറിങ് പ്രോഗ്രാമില്‍ നിന്ന് ക്രിയേറ്ററെ സസ്പെന്റ് ചെയ്യുകയും ചെയ്യും.
യൂട്യൂബില്‍ സര്‍ഗാത്മകതയ്ക്കുള്ള അവസരങ്ങള്‍ തുറക്കാനും പ്ലാറ്റ്ഫോമിലെ കാഴ്ചക്കാരുടേയും ക്രിയേറ്റര്‍മാരുടേയും അനുഭവത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനും ജനറേറ്റീവ് എഐയ്ക്ക് കഴിവുണ്ടെന്ന് പ്രൊഡക്റ്റ് മാനേജ്മെന്റ് വൈസ് പ്രസിഡന്റുമാരായ ജനിഫര്‍ ഫ്ലാനറി ഒ’കോണറും എമിലി മോക്സിലിയും പറഞ്ഞു. യൂട്യൂബ് കമ്മ്യൂണിറ്റിയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വവും ഉറപ്പുവരുത്തണം എന്നും അവര്‍ പറഞ്ഞു.
നേരത്തെ യൂട്യൂബിലേയും മറ്റ് ഗൂഗിള്‍ പ്ലാറ്റ്ഫോമുകളിലേയും എഐ ഉപയോഗിച്ചിട്ടുള്ള രാഷ്ട്രീയ പരസ്യങ്ങളില്‍ മുന്നറിയിപ്പ് വേണമെന്ന നിബന്ധന മാതൃസ്ഥാപനമായ ആല്‍ഫബെറ്റ് പുറത്തിറക്കിയിരുന്നു. ഇതിനൊപ്പമാണ് പുതിയ നിയമങ്ങളും നടപ്പിലാക്കുന്നത്. അടുത്ത വര്‍ഷം മുതലാണ് പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരിക. എഐ നിര്‍മിത വീഡിയോ ആണോ എന്ന് വ്യക്തമാക്കുന്നതിനായി പുതിയ ഓപ്ഷനുകളും ഉള്‍പ്പെടുത്തിയേക്കും.