ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയില്‍ തകര്‍ന്ന തുരങ്കത്തില്‍ കുടുങ്ങിയ 40 നിര്‍മാണ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം അഞ്ചാം ദിവസത്തിലേക്ക് കടന്നു.96 മണിക്കൂറിലേറെയായി തൊഴിലാളികള്‍ തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. മരണത്തിനും ജീവിതത്തിനും ഇടയിലാണ് തൊഴിലാളികൾ കഴിയുന്നത്. ചിലർക്ക് ശാരീരികാസ്വസ്ഥതകൾ ഉള്ളതായി റിപ്പോർട്ട് പുറത്ത് വരുന്നുണ്ട്. രക്ഷാ പ്രവർത്തന മേൽനോട്ടത്തിന് കേന്ദ്ര മന്ത്രി വി.കെ സിങ്ങ് സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. രക്ഷപ്പെടുത്തിയവർക്ക് അടിയന്തിര ശുശ്രൂഷ നൽകാൻ ഋഷികേശിലെ എയിംസിൽ സജ്ജീകരണങ്ങൾ ഏർപ്പെടുത്തി.അതിനിടെ 2018-ല്‍ തായ്‌ലൻഡില്‍ വെള്ളപ്പൊക്കമുണ്ടായ ഗുഹയില്‍ നിന്ന് കുട്ടികളെ രക്ഷപ്പെടുത്തിയ സംഘത്തോട് ഇന്ത്യ ഉപദേശം തേടിയിട്ടുണ്ട്. വ്യോമസേനയുടെ സഹായത്തോടെ എത്തിച്ച ഹൈ പവര്‍ ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ച് തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമവും തുടരുകയാണ്.