കോഴിക്കോട്: ജില്ല കലക്ടര്‍ക്ക് മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത്. കൊച്ചിയില്‍ പൊട്ടിച്ച പോലെ കോഴിക്കോട്ടും പൊട്ടിക്കുമെന്ന് കത്തില്‍ ഭീഷണിപ്പെടുത്തിയതായാണ് വിവരം.ഹമാസ് സമ്മേളനം നടത്തിയത് വ്യാജ സഖാക്കന്മാരാണ്, പിണറായി പൊലീസ് ഇനിയും വേട്ട തുടര്‍ന്നാല്‍ കോഴിക്കോട്ടും പൊട്ടിക്കും എന്നെല്ലാം കത്തില്‍ പറയുന്നു. ഭീഷണിക്കത്തിനെക്കുറിച്ച് സംസ്ഥാന ഇന്‍റലിജൻസ് അന്വേഷണം ആരംഭിച്ചു.കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങിന് ഭീഷണിക്കത്ത് ലഭിച്ചത്. സിപിഐ(എംഎല്‍) ൻ്റെ പേരിലാണ് കത്ത്. കത്ത് നടക്കാവ് പോലീസിന് കൈമാറിയിട്ടുണ്ട്. ഈ മാസം 25ന് മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസിനായി കോഴിക്കോട്ട് എത്തുന്നുണ്ട്. അതിനാല്‍ തന്നെ കത്തിനെ ഗൗരവത്തിലാണ് പോലീസ് കാണുന്നത്. കേന്ദ്ര-സംസ്ഥാന ഇന്റലിജൻസുകള്‍ കത്തില്‍ അന്വേഷണം തുടങ്ങി.
കണ്ണൂര്‍ കരിക്കോട്ടക്കരി വന മേഖലയില്‍ മാവോയിസ്റ്റുകള്‍ക്കായി തണ്ടര്‍ബോള്‍ട്ട് സംഘം തിരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ക്ക് പരിക്കേറ്റെന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിരുന്നു. അതിനാല്‍ സംഘം അധിക ദൂരത്തേക്ക് സഞ്ചരിക്കാൻ സാധ്യതയില്ലെന്ന വിലയിരുത്തലിലാണ് കരിക്കോട്ടക്കരി, അയ്യൻകുന്ന് വനത്തില്‍ പരിശോധന ശക്തമാക്കിയത്.