കണ്ണൂര്‍: ഡോക്ടറുടെ മാതൃസഹോദരിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി കെട്ടിയിട്ടശേഷം 10 പവന്‍ സ്വര്‍ണ്ണവും 10,000 രൂപയും കൊള്ളയടിച്ച കേസിലെ ഒരുപ്രതി അറസ്റ്റില്‍. തമിഴ്നാട്, കോയമ്പത്തൂര്‍ നീലമൂട് റെയില്‍വെ സ്റ്റേഷനു സമീപത്തെ സഞ്ജീവ (26)യാണ് പരിയാരം പൊലീസിന്റെ പിടിയിലായത്. കോയമ്പത്തൂര്‍ സൊളൂരില്‍ വെച്ചാണ് പരിയാരം എസ്.ഐ പി.സി.സഞ്ജയ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബൈക്കില്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഇയാളെ സാഹസികമായി പിടികൂടിയത്. ഇയാള്‍ക്കെതിരെ കേരളം, തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കേസുണ്ട്. പകല്‍ നേരങ്ങളില്‍ നോക്കി വയ്ക്കുന്ന വീടുകളില്‍ അര്‍ധരാത്രിക്കുശേഷം എത്തി കവര്‍ച്ച നടത്തുന്നതാണ് സംഘത്തിന്റെ രീതി. ഇക്കഴിഞ്ഞ ഒക്ടോബര്‍ 20ന് ആണ് അറസ്റ്റിനാസ്പദമായ സംഭവം നടന്നത്. ഡോ.സക്കീര്‍ അലി, ഡോ.ഫര്‍സീന ദമ്പതികളുടെ പരിയാരത്തുളള വീട്ടിലായിരുന്നു കവര്‍ച്ച. ഇരുവരും എറണാകുളത്തു പോയ സമയത്ത് സക്കീറിന്റെ മാതൃസഹോദരി മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഇക്കാര്യം തിരിച്ചറിഞ്ഞ കവര്‍ച്ചാ സംഘം അര്‍ധരാത്രിക്കുശേഷം വീട്ടിലെത്തി ജനല്‍ കമ്പി മുകളിലോട്ട് വളച്ച് വച്ചാണ് അകത്ത് കയറി കവര്‍ച്ച നടത്തിയത്. കോയമ്പത്തൂര്‍, കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ സുള്ളന്‍ സുരേഷിന്റെ കൂട്ടാളിയാണ് അറസ്റ്റിലായ സഞ്ജീവ. കവര്‍ച്ചയ്ക്കു ശേഷം ഊട്ടി, കോയമ്പത്തൂര്‍ നാമക്കല്ല് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. ഇയാള്‍ അറസ്റ്റിലായതോടെ കര്‍ണ്ണാടക, തമിഴ്നാട്, പൊലീസ് പരിയാരം പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. പ്രതിയെ പിടികൂടിയ സംഘത്തില്‍ എ.എസ്.ഐ സയ്യിദ്, സീനിയര്‍ സി.പി.ഒ നൗഫല്‍ അഞ്ചില്ലത്ത്, സി.പി.ഒമാരായ ഷിജുഅഗസ്റ്റിന്‍, ഷോജി, രജീഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
