കാസർകോട് : നീലേശ്വരത്തെ ഓയില്‍ കമ്പനി ജീവനക്കാരന്റെ മരണത്തില്‍ ദുരൂഹതയേറി. മൃതദേഹം കാണപ്പെട്ട കെട്ടിടത്തിനു സമീപത്തു ഒന്നില്‍ കൂടുതല്‍ പേരുടെ കാല്‍പാദം പതിഞ്ഞതും ഇവിടെ ചോരപ്പാടുകള്‍ കണ്ടതുമാണ് ദുരൂഹത വർധിപ്പിക്കുന്നത്. ഇതേ തുടര്‍ന്ന് ഓയില്‍ കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനായ കര്‍ണ്ണാടക സ്വദേശിയെ നീലേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്. ഇയാള്‍ പരസ്‌പര വിരുദ്ധമായ മൊഴികളാണ് പൊലീസിനു നല്‍കിയത്. ഇന്നു പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ മരണത്തിലെ ദുരൂഹത നീങ്ങൂ എന്ന് പൊലീസ് പറഞ്ഞു. മടിക്കൈ എരിക്കുളത്തെ ഓയില്‍ കമ്പനിയിലെ ജീവനക്കാരനായ കക്കാട്ട് ഒളയത്ത് കായില വളപ്പില്‍ ബാല(65)നെ ഇന്നലെ രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന കര്‍ണ്ണാടക സ്വദേശിയായ യുവാവാണ് മരണ വിവരം കമ്പനി ഉടമയെയും പരിസര വാസികളെയും അറിയിച്ചത്.കമ്പനി കെട്ടിടത്തിനു അകത്തെ കെട്ടിടത്തില്‍ പ്ലാസ്റ്റിക് കട്ടിലില്‍ ചെരിഞ്ഞു കിടന്ന നിലയിലായിരുന്നു ബാലന്റെ മൃതദേഹം കാണപ്പെട്ടത്. വായില്‍ നിന്നു ചോര ഒലിച്ച നിലയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ ഒരു കാലില്‍ ചെറിയ പരിക്കുണ്ട്. ഇത് എങ്ങനെ ഉണ്ടായി എന്നു വ്യക്തമല്ല. മിനിഞ്ഞാന്നു വൈകുന്നേരം ബാലനും കര്‍ണ്ണാടക സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരനും മറ്റൊരാളും ഒന്നിച്ച് മദ്യപിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
മൃതദേഹത്തിനു മുകളില്‍ കാണപ്പെട്ട മുണ്ട് ആരോ പുതപ്പിച്ചതാണെന്നു സംശയിക്കുന്നു. ഇതിനു പിന്നില്‍ ആരാണെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. നീലേശ്വരം പൊലീസ് ഇന്‍സ്‌പെക്‌ടര്‍ കെ.പ്രേംസദന്‍, എസ്.ഐമാരായ എ.ടി.വിശാഖ്, കെ.വിനോദ് കുമാര്‍, മധൂസൂദനന്‍ മടിക്കൈ, എ.രഞ്‌ജിത്ത് കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പള്ളിക്കര സ്വദേശിനിയായ രാധയാണ് ബാലന്റെ ഭാര്യ. മക്കള്‍: രാഹുല്‍, രാഖി. മരുമക്കള്‍: സ്‌നേഹ, പ്രമോദ്. സഹോദരങ്ങള്‍: നാരായണി, ശാരദ, ഓമന.