മദ്യം നല്‍കിയില്ലെന്നാരോപിച്ച് മദ്യഷോപ്പിന് തീയിട്ട് യുവാവ്. വിശാഖപ്പട്ടണത്താണ് സംഭവം. ഷോപ്പ് അടയ്ക്കുന്ന സമയത്ത് മദ്യം വാങ്ങാനെത്തിയ മധുവിനോട് ജീവനക്കാര്‍ മദ്യമില്ലെന്ന് പറഞ്ഞതോടെയാണ് മധു അക്രമാസക്തനായത്. മദ്യമില്ലെന്ന് പറഞ്ഞതോടെ ദേഷ്യത്തിലായ മധു ജീവനക്കാരോട് തട്ടിക്കയറുകയായിരുന്നു. ഇതോടെ ജീവനക്കാര്‍ ഇയാള്‍ക്ക് താക്കീത് നല്‍കി. പിന്നീട് മടങ്ങിവന്ന ഇയാള്‍ കയ്യില്‍ കരുതിയ പെട്രോള്‍ ഷോപ്പിലേക്ക് ഒഴിക്കുകയും തീയിടുകയുമായിരുന്നു. ജീവനക്കാരുടെ ദേഹത്തേയ്ക്കും ഇയാള്‍ പെട്രോള്‍ ഒഴിച്ചു. കടയ്ക്ക് തീപിടിച്ചതുകണ്ട ജീവനക്കാര്‍ ഇറങ്ങിയോടിയതോടെ വലിയ ദുരന്തമാണ് ഒഴിവായത്. കടയില്‍ നിന്ന് ജീവനക്കാര്‍ ഇറങ്ങിയോടിയെങ്കിലും കട കത്തിനശിക്കുകയും കംപ്യൂട്ടറും പ്രിന്ററും ഉള്‍പ്പെടെ ഒന്നരലക്ഷം രൂപ വിലമതിക്കുന്ന വസ്തുവകകള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. യുവാവിനെ പിന്നീട് വിശാഖപട്ടണം പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്.
