കോട്ടയം: പ്രഭാതസവാരിക്കിറങ്ങിയ അച്ഛനും മകനും മരിച്ച നിലയില്‍. കോട്ടയം മീനടം നെടുംപൊയ്‌കയിലാണ് സംഭവം. പുതുവയല്‍ വട്ടുകളത്തില്‍ ബിനു (49), മകൻ ശിവഹരി (എട്ട്) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.നടക്കാനിറങ്ങിയ ഇവരെ പ്രദേശത്തെ ആള്‍താമസമില്ലാത്ത വീടിനോട് ചേര്‍ന്ന കെട്ടിടത്തില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തുകയായിരുന്നു. മകനെ കൊലപ്പെടുത്തിയതിനുശേഷം പിതാവ് ജീവനൊടുക്കിയതാകാമെന്നാണ് പൊലീസ് നിഗമനം.ബിനുവും മകനും പതിവായി നടക്കാൻ പോകാറുണ്ടെന്ന് വീട്ടുകാര്‍ പറയുന്നു. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് ഇരുവരും നടക്കാനിറങ്ങിയത്. ഏറെനേരമായിട്ടും കാണാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചിറങ്ങുകയായിരുന്നു. തുടര്‍ന്നാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. മകനെ കെട്ടിത്തൂക്കിയതിനുശേഷം ബിനു തൂങ്ങിയതാകാമെന്ന് പൊലീസ് പറയുന്നു.
ഇലക്‌ട്രിക് വര്‍ക്ക് തൊഴിലാളിയാണ് ബിനു. ശിവഹരി മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മുൻപ് പാമ്പാടി ആലാമ്പള്ളിയിലാണ് ബിനുവും കുടുംബവും താമസിച്ചിരുന്നത്. പിന്നീട് മീനടത്ത് വീടും സ്ഥലവും വാങ്ങി താമസം മാറുകയായിരുന്നു. ഇരുവരുടെയും മരണകാരണം വ്യക്തമല്ല. ഇൻക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്.